കൊച്ചി: സംസ്ഥാനത്ത് അടിക്കടി അതീവ്രമഴ പെയ്യിക്കുന്ന ന്യൂനമര്‍ദ്ദത്തിന് കാരണം അറബിക്കടലിന്റെ മേല്‍ത്തട്ടിലുണ്ടായ അമിത ചൂടാണ്.
കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ മണ്‍സൂണ്‍ സീസണില്‍ മാത്രമുണ്ടായിരിക്കുന്നത് ഒന്നര ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ദ്ധന.
സാധാരണ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടുവരുന്ന ഈ പ്രതിഭാസം നാലു വര്‍ഷത്തിനിടെയാണ് അറബിക്കലിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പതിവായുണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും കേരളത്തിലുമുണ്ടാകാന്‍ ഒരുകാരണം ഇതാണ്. പസഫിക്ക് സമുദ്രത്തിലെ 'ലാനിനാ' പ്രതിഭാസവും ഇന്ത്യന്‍ ഓഷ്യന്‍ ഡൈഫോള്‍ (ഐ.ഒ.ഡി) പോസിറ്റീവായതും മഴയ്ക്ക് തീവ്രത കൂട്ടി. മഹാപ്രളയത്തിന് ഇടയാക്കിയ അതേ കാലാവസ്ഥയാണ് കേരളത്തിന്റെ തലയ്ക്ക് മീതെ ഇപ്പോഴുള്ളത്.
പസഫിക്കിലെ ലാനിന
പസഫിക് സമുദ്രത്തില്‍ ഭൂമദ്ധ്യരേഖയോട് ചേര്‍ന്നുള്ള ഭാഗത്ത് ഉപരിതലം തണുക്കുകയും ആനുപാതികമായി അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം കടലിന് മുകളില്‍ കൂടുതല്‍ മര്‍ദ്ദവും സമീപ ഭാഗങ്ങളില്‍ കുറഞ്ഞ മര്‍ദ്ദവും രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് ലാനിന പ്രതിഭാസം. ഇത് കാറ്റിന്റെ ഗതിയെ മാറ്റും. ആഗോളതലത്തില്‍ ലാനിന ചലനമുണ്ടാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ കടുത്ത മഴയാണ് ലാനിനയുടെ സമ്മാനം.
പോസിറ്റീവ് ഐ.ഒ.ഡി
പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ജലത്തിലെ ചൂടില്‍ വ്യത്യാസമുണ്ട്. കിഴക്കന്‍ സമുദ്രത്തില്‍ ചൂടുകൂടുകയും പടിഞ്ഞാറന്‍ ഭാഗത്ത് കുറയുകയും ചെയ്യുന്ന അവസ്ഥയില്‍ കേരളത്തില്‍ പെരുമഴയായിരിക്കും. പോസിറ്റീവ് ഐ.ഒ.ഡി എന്നാണ് ഇതിന്റെ പേര്. കേരളം നിലവില്‍ പോസിറ്റീവ് ഐ.ഒ.ഡിയിലാണ് .
എം.ജെ.ഒ
പടിഞ്ഞാറു ഭാഗത്ത് നിന്ന് കിഴക്കോട്ട് കാറ്രിനെ കൂടുതലായി വലിക്കുന്ന മാഡം ജൂലിയന്‍ ഓസിലേഷനെന്ന (എം.ജെ.ഒ) സംവഹന പ്രക്രിയയും പെരുമഴയ്ക്ക് കാരണമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പസഫിക്കിന്റ പടിഞ്ഞാറുഭാഗത്തേക്ക് എം.ജെ.ഒ കടന്നു. പസഫിക്കില്‍ അടുത്ത ദിവസങ്ങളിലുണ്ടായ ചുഴക്കാറ്റിന്റെ കാരണം എം.ജെ.ഒയായിരുന്നു.
ന്യൂനമര്‍ദ്ദം:
ഒന്നര മടങ്ങ് വര്‍ദ്ധിച്ചു
അതിതീവ്ര ചുഴലി:
മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു
അറബിക്കലിലെ ഉപരിതല ചൂട്:
26-28 ഡിഗ്രി സെല്‍ഷ്യസ്
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഒരുപോലെ ചൂടാവുകയാണ്. നേരത്തെ അങ്ങനെയായിരുന്നില്ല.
ഡോ. എം.ജി. മനോജ്
കാലാവസ്ഥാശാസ്ത്രജ്ഞന്‍
റഡാര്‍ കേന്ദ്രം
കൊച്ചി സര്‍വകലാശാല

