Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫെമിനയെ കറക്കിയ കറക്കം

ഫെമിനയെ കറക്കിയ കറക്കം

ഫെമിന ജോർജിന് ബ്രൂസിലി ബിജി തരുന്ന സൗഭാഗ്യങ്ങള്‍ തുടരുന്നു. അല്ലു അർജുൻ - അറ്റ്ലി ബ്രഹ്മാണ്ഡ ചിത്രം രാക്കയിലേക്ക് എത്താൻ വഴി തുറന്നതാണ് പുതിയ സൗഭാഗ്യങ്ങളിലൊന്ന് .

അങ്ങനെ മിന്നല്‍ മുരളിയുടെ പെണ്ണ് തെലുങ്ക് അരങ്ങേറ്റം നടത്തി ഒരു കറക്കം കറങ്ങിയപ്പോള്‍ തിയേറ്ററില്‍ കറക്കം സിനിമ . സുഭാഷ് ലളിത സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒരു സംഘം യൂത്ത് വൈബും ചേരുന്ന കറക്കം തിയേറ്ററില്‍ പാട്ടും ചിരിയും പേടിയും പടർത്തുന്നു.പുതിയ വിശേഷങ്ങളുമായി ഫെമിന ചേരുന്നു.

കറക്കം സിനിമയുടെ ഭാഗമായപ്പോള്‍ ഉണ്ടായ അനുഭവം ?

ആദ്യമായി മ്യൂസിക്കല്‍ ഹൊറർ സിനിമയുടെ ഭാഗമാകുന്നു. പിങ്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പിങ്കിയും ഭാസിയും കുറച്ച്‌ ചെറുപ്പക്കാരും ഇവരുടെ ജീവിതവും അതില്‍ ഉണ്ടാകുന്ന ഓരോ സംഭവങ്ങളെ ചുറ്റിപ്പറ്രിയാണ് സിനിമ. പിങ്കി എന്ന കഥാപാത്രം എന്റെ സ്വഭാവവുമായി അടുത്തു നില്‍ക്കുന്നതാണ്. മുഴുനീള തമാശ നിറഞ്ഞ മ്യൂസിക്കല്‍ ഹൊറർ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മ്യൂസിക്കല്‍ ഹൊററും,മ്യൂസിക്കല്‍ സിനിമകളും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത് ആദ്യമായി വരുമ്പോള്‍ എങ്ങനെയായിരിക്കും എന്നാണ് അറിയേണ്ടത്. കൂടാതെ സാം സി.എസിന്റെ ഒരു പങ്കുമുണ്ട്. അതും വലിയ പ്രത്യേകതയാണ്. കറക്കം തീർച്ചയായും പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും എന്നു തന്നെയാണ് കരുതുന്നത്.

കഥാപാത്രങ്ങള്‍ എല്ലാം ബോള്‍ഡ്,ഓഫ് സ്ക്രീനിലും അങ്ങനെയാണോ ?

തീർച്ചയായും. ഓഫ് സ്ക്രീനില്‍ ബോള്‍ഡ് തന്നെയാണ് . കാരണം ജീവിതത്തെ വളരെ സീരിയസായി കാണുന്നു. അഭിനയിച്ച സിനിമയിലെ മിക്ക കഥാപാത്രങ്ങളും എന്റെ സ്വാഭാവത്തിനോട് അടുത്ത് വരുന്നവരായതുക്കൊണ്ടുതന്നെ അധികം അധ്വാനം എടുക്കേണ്ടതായി വരാറില്ല. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന ഒരു സിനിമയില്‍ കുറച്ച്‌ വ്യത്യസ്തമാണ്. ബോള്‍ഡാണെങ്കില്‍ കൂടിയും മുഴുവനായും സ്ട്രോംഗ് എന്ന് പറയാൻ സാധിക്കാത്ത ഒന്ന് .

മിന്നല്‍ മുരളിയിലെ ബ്രൂസിലി ബിജിയെപ്രേക്ഷകർ ഇപ്പോഴും ഇഷ്ടപ്പെടുന്നതിന് കാരണം ?

ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ബ്രൂസിലി ബിജി. മിന്നല്‍ മുരളി കഴിഞ്ഞ് ഏത് സിനിമയിലേക്ക് വിളിക്കുമ്പോഴും ബ്രൂസിലി ബിജിയെ കണ്ട് വിളിക്കുന്നവരാകും ഭൂരിഭാഗവും. മാത്രമല്ല, എവിടെ പോകുമ്പോഴും ബിജിയിലൂടെയാണ് അറിയപ്പെടുന്നത്. അതില്‍ വളരെ സന്തോഷമുണ്ട്. ബിജിയെ പ്രേക്ഷകർ അത്രമാത്രം ഉള്‍ക്കൊണ്ടു എന്നതിന് തെളിവാണ് അത്. എന്തു കൊണ്ട് ആ കഥാപാത്രത്തെ ആളുകള്‍ ഇത്രമാത്രം ഇഷപ്പെടുന്നു എന്നതിന് എനിക്ക് ഉത്തരമില്ല. യാതൊരു മുൻപരിചയവുമില്ലാതെ സിനിമയിലേക്ക് വന്ന ആളാണ് ഞാൻ. എന്നിട്ടും ഇത്രയും വലിയ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുകയും അത് ആളുകളിലേക്ക് എത്തുകയും ചെയ്യുക എന്നത് വലിയ അനുഗ്രഹമായി കരുതുന്നു.

നായികയായി തുടരാനാണോ തീരുമാനം ?

അല്ല.നായികയായി മാത്രം ഒതുങ്ങി തീരാൻ താത്പര്യമില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് ഇപ്പോഴും . റിലീസിന് ഒരുങ്ങുന്ന രണ്ട് സിനിമകളില്‍ നായികയല്ല. ശേഷം മൈക്കില്‍ ഫാത്തിമയില്‍ നായിക കഥാപാത്രം അല്ലായിരുന്നു. അതില്‍ കല്യാണി പ്രിയദർശൻ ആയിരുന്നു നായിക. കല്യാണിയുടെ സുഹൃത്തിന്റെ വേഷം ആണ്‌അവതരിപ്പിച്ചത്. എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഏത് കഥാപാത്രത്തെയും സ്വാഗതം ചെയ്യും. അതൊരു സപ്പോർട്ടിംഗ് വേഷം ആണെങ്കിലും ക്യാരക്ടർ റോള്‍ ആയാലും താത്പര്യമാണ്.

സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്ന് വരുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നോ ?

അത്തരമൊരു ആശങ്ക ഉണ്ടായിരുന്നില്ല. എന്നാല്‍ എവിടെ എത്തിച്ചേരുമെന്നതില്‍ പേടി ഉണ്ടായിരുന്നു. കാരണം ഒരിക്കലും മുൻകൂട്ടി വിലയിരുത്താൻ കഴിയാത്ത മേഖലയാണ് സിനിമ. അഭിനയിക്കുന്നതില്‍ പേടി ഉണ്ടായിരുന്നില്ല. എന്നാല്‍ അഭിനയത്തെ എങ്ങനെ ആളുകള്‍ ഏറ്റെടുക്കുമെന്നതിലും, അത് എത്രമാത്രം വിജയിക്കുമെന്നതിലും ആയിരുന്നു ഭയം. അത് ഇപ്പോഴും അങ്ങനെതന്നെയാണ്. കരിയർ മുന്നോട്ട് എങ്ങനെ നന്നായി കൊണ്ടുപോകണം എന്നതില്‍ മാത്രമാണ് ടെൻഷൻ.

എന്തൊക്കെയാണ് ഫെമിനയുടെ സന്തോഷങ്ങള്‍ ?

സിനിമ മാത്രമാണ് ഇപ്പോഴത്തെ സന്തോഷം. നല്ല കഥാപാത്രങ്ങള്‍ ചെയ്യുക,നല്ല ടീമിന്റെ ഭാഗമാകുക,നല്ല രീതീയില്‍ അഭിനയിക്കുക എന്നത് മാത്രമാണ് ലക്ഷ്യവും ആഗ്രഹവും. പിന്നെ, സിനിമ അല്ലാതെ ജീവിതത്തില്‍ സന്തോഷം തരുന്നത് എന്റെ കുടുംബവും യാത്രയുമാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്നു. അത് കൂടുതലും കുടുംബത്തോടൊപ്പമായിരിക്കണംഎന്നാണ് ആഗ്രഹം. സിനിമ കഴിഞ്ഞാല്‍ പിന്നീട് സമയം കണ്ടെത്തുന്നത് യാത്രകള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്.

ഇപ്പോഴും ഓഡിഷന് പങ്കെടുക്കാറുണ്ടോ ?

അത് തുടരുന്നു. ചില സിനിമയിലേക്ക് നേരിട്ട് വിളിച്ച്‌ ഓഡിഷൻ ആവശ്യത്തിന് വീഡിയോ ചെയ്ത് തരാൻ പറയാറുണ്ട് അത് കൊടുക്കാറും ഉണ്ട്. മിന്നല്‍ മുരളി കഴിഞ്ഞും ഓഡിഷന് അയച്ചിട്ടുണ്ട്. അതിന് എനിക്ക് ഒരു മടിയുമില്ല. തീപ്പൊരി ബെന്നിയിലും ശേഷം മൈക്കില്‍ ഫാത്തിമയിലും ഡിസ്കോയിലും മിന്നല്‍ മുരളി കണ്ട് നേരിട്ട് വിളിക്കുകയായിരുന്നു. കറക്കത്തിലേക്ക് വന്നത് ഒാഡിഷൻ മുഖനേയല്ല.

അല്ലു അർജുൻ - അറ്റ്ലി ചിത്രം രാക്കയുടെ ഭാഗമാകാൻ എങ്ങനെ സാധിച്ചു?

പ്രതീക്ഷിക്കാത്ത സമയത്ത് വന്ന അവസരം. ഡിസ്കോയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് രാക്കയുടെ ടീമിന്റെ മെസേജ് കാണുന്നത്. രാക്കയുടെ കാസ്റ്റില്‍ ഞാൻ ഉണ്ടെന്ന് അറിയുന്നത് തന്നെ അപ്പോഴാണ്. പിന്നീട് അവരെ നേരില്‍ കണ്ടു. എല്ലാം പെട്ടെന്നായിരുന്നു. രാക്കയിലെ കാസ്റ്രിംഗും ബ്രൂസിലി ബിജിയെ കണ്ടായിരുന്നു. അല്ലു അർജുന്റെ ഒപ്പം സിനിമ ചെയ്യാൻ സാധിക്കുമെന്നത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല.ആദ്യമായി കാണുന്ന അല്ലു അർജുന്റെ സിനിമ ഹാപ്പിയാണ്. ഒരുപാട് തവണ റിപ്പീറ്റ് അടിച്ച്‌ കണ്ട സിനിമ. അന്ന് മുതല്‍ ഫാനാണ്.രാക്കയില്‍ ചെറിയ കഥാപാത്രമാണെങ്കിലും എന്നെ സംബന്ധിച്ച്‌ അത് വലിയൊരു അവസരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi