കൊച്ചി: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍െറ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 16,462 പേര്‍ പുറത്ത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം 2,225 ജനറല്‍, മെറിറ്റ് സീറ്റുകളില്‍ 99.9 ശതമാനം പ്രവേശനവും പൂര്‍ത്തിയായി കഴിഞ്ഞു. സീറ്റ് വര്‍ദ്ധിപ്പിച്ചാല്‍ പോലും കുറഞ്ഞത് പതിനായിരം കുട്ടികള്‍ മറ്റ് കോഴ്സുകള്‍ തേടിപ്പോകേണ്ടിവരും.
മുഖ്യ അലോട്ട്‌മെന്റും പൂര്‍ത്തിയാവുമ്ബോള്‍ ജില്ലയില്‍ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്ത മൂന്നു സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. മുന്നാക്ക സംവരണ സീറ്റുകളില്‍ ഉള്‍പ്പെടെ രണ്ട് അലോട്ട്‌മെന്റുകള്‍ വഴിയാണ് പ്രവേശനം. ഒന്നാം അലോട്ട്‌മെന്റില്‍ ഒഴിഞ്ഞു കിടന്ന 4,065 സീറ്റുകളും
സംവരണ സീറ്റുകളും ഫുള്ളായി.
6043 പേര്‍ക്കാണ് രണ്ടാം അലോട്ട്‌മെന്റിലൂടെ പ്രവേശനം. 4064 പേര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകളില്‍ പ്രവേശനം നേടി.
38,714 പേരായിരുന്നു അപേക്ഷകര്‍. 22,255 പേര്‍ രണ്ട് മുഖ്യ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടി.
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
ഇനിയും ഒഴിവുണ്ടെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കും. വര്‍ദ്ധിപ്പിച്ച സീറ്റ് കൂടി ചേര്‍ത്താണ് അലോട്ട്മെന്റ് തുടങ്ങിയത്. എന്നിട്ടും 16,462 പേര്‍ പുറത്താണ്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ 10 ശതമാനം കൂടി കൂട്ടിയാലും ഒന്നുമാവില്ല. എയ്ഡഡ് സ്‌കൂളുകളും സീറ്റ് വര്‍ദ്ധന ഏറ്റെടുക്കാന്‍ തയാറായാലും നാലായിരത്തിപ്പരം പേര്‍ക്കേ അവസരം ലഭിക്കാനിടയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ 10,000 ത്തിലധികം പേര്‍ മറ്റു പഠനമേഖലകളെ ആശ്രയിക്കേണ്ടിവരും.
ആറു വരെ പ്രവേശനം
പ്രവേശനം 6 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ കൃത്യസമയത്ത് രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. ഫീസും കരുതണം. ഒന്നാം അലോട്ട്‌മെന്റില്‍ താത്ക്കാലിക പ്രവേശനം നേടിയവര്‍ സ്ഥിര പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

