സ്വര്‍ണ നിക്ഷേപത്തില്‍ 107% വളര്‍ച്ച
കൊച്ചി: കൊവിഡ് കാലത്ത് നഷ്‌ടമായ ഡിമാന്‍ഡ് രാജ്യത്തെ സ്വര്‍ണവിപണി വീണ്ടും തിരിച്ചുപിടിക്കുന്നു. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്ബദ്‌ഞെരുക്കം മൂലം ഈവര്‍ഷം ഏപ്രില്‍-ജൂണില്‍ വില്പന മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 70 ശതമാനം കുറഞ്ഞ് 64 ടണ്ണില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ജൂലായ് - സെപ്‌തംബറില്‍ വില്പന 86.6 ടണ്ണായി മെച്ചപ്പെട്ടു.
അതേസമയം, മാന്ദ്യം ഇപ്പോഴും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്നത്. 2019 സെപ്‌തംബര്‍പാദത്തില്‍ മൊത്തം സ്വര്‍ണവില്പന 41,300 കോടി രൂപ മതിക്കുന്ന 123.9 ടണ്ണായിരുന്നു. ഇക്കുറി മൂല്യം 39,510 കോടി രൂപയാണ്.
സ്വര്‍ണാഭരണ വില്പന 101.6 ടണ്ണില്‍ നിന്ന് 52.8 ടണ്ണിലേക്ക് കുറഞ്ഞു; ഇടിവ് 48 ശതമാനം.33,850 കോടി രൂപയില്‍ നിന്ന് 24,100 കോടി രൂപയായാണ് ആഭരണ വില്പനയിടിവ്; നഷ്‌ടം 29 ശതമാനം.
എന്നാല്‍, സ്വര്‍ണനിക്ഷേപ മൂല്യം 7,450 കോടി രൂപയില്‍ നിന്ന് 107 ശതമാനം ഉയര്‍ന്ന് 15,410 കോടി രൂപയായി. നിക്ഷേപ അളവ് 22.3 ടണ്ണില്‍ നിന്ന് 33.8 ടണ്ണായി മെച്ചപ്പെട്ടു; വളര്‍ച്ച 52 ശതമാനം.

