Dailyhunt

പോട്ട മേല്‍പ്പാലത്തില്‍ പൈപ്പുകള്‍ ചോരുന്നു, കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

ചാലക്കുടി: ദേശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിലെ പൈപ്പുകള്‍ ചോരുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും മറ്റും ദുരിതം. മുകളിലുള്ള റോഡില്‍ പെയ്യുന്ന മഴവെള്ളം പി.വി.സി പൈപ്പുകളിലൂടെ താഴേക്ക ഒഴുക്കുന്ന സംവിധാനമാണ് തകരാറിലായത്. കാലപ്പഴക്കം മൂലം പൈപ്പുകള്‍ പലയിടത്തും പൊളിഞ്ഞിട്ടുണ്ട്.

പൈപ്പുകളെ ഉറപ്പിക്കുന്ന ക്ലാമ്ബുകളും ഇളകിപ്പോയിട്ടുണ്ട്. ഇതോടെ മുകളില്‍ നിന്നും വെള്ളമെല്ലാം ഒന്നിച്ചു താഴേക്ക് പതിക്കുകയാണ്. മഴയുടെ തോത് അനുസരിച്ച്‌ പലയിടത്തും മാറിമാറിയാണ് വെള്ളം പതിക്കുന്നത്. യാത്രക്കാര്‍ക്ക് ഇതു വലിയ ദുരിതം ഉണ്ടാക്കുന്നുണ്ട്.

കനത്ത മഴയുള്ളപ്പോള്‍ സാഹസികമായി മാത്രമേ പാലത്തിനടിയിലൂടെയും സര്‍വീസ് റോഡുകളിലൂടെയും യാത്ര ചെയ്യാനാകൂ.

ദേശീയ പാതയുടെ ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകളുടെ പൂര്‍ണ ഉത്തരവാദിത്വം കരാര്‍ കമ്ബനിക്കാണ്. യാഥാസമയം അറ്റകുറ്റപ്പണി നടത്താതാണ് പോട്ടയിലെ ദുരവസ്ഥയ്ക്ക് കാരണം.

പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ഗൗരവമായി എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഏതാനും മണിക്കൂറില്‍ ചെയ്തു തീര്‍ക്കാവുന്ന ജോലി മാത്രമാണ് പ്രശ്‌ന പരിഹാരത്തിന് ആവശ്യമുള്ളൂ. എന്നാല്‍ ഇതിന് കരാര്‍ കമ്ബനി വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നത് പ്രകടമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi