Friday, 23 Apr, 12.50 am കേരളകൗമുദി

പ്രാദേശികം
പ്രളയത്തിലെ രക്ഷകന്‍ ഇനി കണ്ണീരോര്‍മ്മ

തിരുവല്ല: ദുരന്തമുഖങ്ങളില്‍ കുതിച്ചു പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരുന്ന ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വിനീത് ഇനി ഓര്‍മ്മ. കരുനാഗപ്പള്ളിയില്‍ ഇന്നലെ രാവിലെ വാഹനാപകടത്തില്‍ വിനീത് മരിച്ചു. 2015 മാര്‍ച്ച്‌ മുതല്‍ തിരുവല്ല ഫയര്‍സ്റ്റേഷനില്‍ ഡ്രൈവറായി ജോലിക്കെത്തിയ ഈ യുവാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെശ്രദ്ധേയമായിരുന്നു. 2018ലെ പ്രളയകാലത്ത് വിനീതിന്റെ സേവനങ്ങള്‍ മറക്കാനാകില്ല. പമ്ബയും മണിമലയും കരകവിഞ്ഞൊഴുകിയെത്തി തിരുവല്ലയെ മുക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തനിറങ്ങിയതാണ് വിനീത് ഉള്‍പ്പെട്ട ഫയര്‍ഫോഴ്‌സ് ടീം. നെടുമ്ബ്രത്ത് അമ്ബലപ്പുഴ റോഡരുകിലെ ചെറിയ വീടിനുള്ളില്‍ രണ്ടടിയിലേറെ വെള്ളമുണ്ട്. വെള്ളം ഉയരുന്നതിന്റെ ഭീതിയില്‍ എവിടെപോകുമെന്ന് അറിയാതെ ആശങ്കയിലായ കുടുംബത്തെ രക്ഷപെടുത്തിയത് വിനീതും സംഘവുമായിരുന്നു. വീട്ടിനുള്ളില്‍ കുടുങ്ങിയ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ കയ്യിലെടുത്ത് ഇറങ്ങുന്ന വിനീതിന്റെ ചിത്രം അന്ന് സോഷ്യല്‍ മിഡിയായില്‍ പ്രചരിച്ചിരുന്നു. അടുത്തിടെ ചക്കുളത്തുകാവില്‍ പൊങ്കാലയുടെ ഡ്യുട്ടിക്ക് എത്തിയപ്പോഴും ആ വീട്ടിലെത്താന്‍ വിനീത് മറന്നില്ല. അന്ന് രക്ഷിച്ച കുഞ്ഞിനിപ്പോള്‍ രണ്ട് വയസ്സുണ്ട്. ഏറെനേരം ആ കുഞ്ഞിനെ കാെഞ്ചിച്ച ശേഷമാണ് വിനീത് മടങ്ങിയത്. പ്രളയനാളുകളില്‍ വീട്ടില്‍പോലും പോകാതെ ദിവസങ്ങളോളം രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന വിനീതിനെ സന്നദ്ധ സംഘടനകള്‍ ആദരിക്കുകയുമുണ്ടായി. മൈനാഗപ്പള്ളി കോട്ടക്കുഴി തെക്കേതില്‍ വിദ്യാധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: അശ്വതി. മകള്‍: ദേവശ്രീ (6).

ജീവന്‍രക്ഷാ മരുന്നുകളുമായി യാത്ര
കൊവിഡ് കാലത്തും പുഞ്ചിരിതൂകുന്ന മുഖവുമായി മുന്നണി പോരാളിയായിരുന്നു വിനീത്. ജീവന്‍രക്ഷാ മരുന്നുകള്‍ ബുള്ളറ്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലെത്തിച്ച്‌ കൊടുത്തവരില്‍ പ്രധാനിയായിരുന്നു. വനമേഖലകളിലും എരുമേലിയിലും ചങ്ങനാശ്ശേരിയിലുമൊക്കെ കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മരുന്നുകള്‍ എത്തിച്ചുകൊടുത്ത് ആശ്വാസമേകി. മെക്കാനിക്കല്‍ ഡിപ്ലോമയുള്ള ഈ 35കാരന്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും മിടുക്കനായിരുന്നു. എപ്പോഴും ടൂള്‍കിറ്റ് സൂക്ഷിച്ചിരുന്ന ഈ യുവാവ്, ഫയര്‍സ്റ്റേഷനിലെ വാഹനങ്ങളുടെ തകരാറുകളും ടയര്‍ മാറ്റിയിടുന്ന ജോലികളും ചെയ്തിരുന്നതായി അസി.ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ എസ്.സുരേഷ് പറഞ്ഞു. അത്യാഹിതങ്ങള്‍ സംഭവിക്കുമ്ബോള്‍ അതിവേഗത്തില്‍ ചീറിപ്പായുന്ന ഫയര്‍ എന്‍ജിന്‍ അപകടങ്ങള്‍ ഉണ്ടാക്കാതെ അതീവ ശ്രദ്ധാലുവായാണ് ഓടിച്ചിരുന്നതെന്നും സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top