Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രതിരോധം പാളുന്നു; നായ‌പ്പേടിയില്‍ നാട്

തിരുവനന്തപുരം: രാപകല്‍ വ്യത്യാസമില്ലാതെ നാടെങ്ങും തെരുവ് നായ്‌ക്കള്‍ കീഴടക്കുമ്പോഴും പ്രതിരോധം പാളുന്നു. പൂന്തുറ, കാട്ടായിക്കോണം,കിളിമാനൂർ,നെയ്യാറ്റിൻകര എന്നിവിടങ്ങളില്‍ അടുത്തിടെ തെരുവുനായ ആക്രമണത്തില്‍ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.

കാട്ടായിക്കോണം നരിക്കലില്‍ കഴിഞ്ഞദിവസം 10 പേർക്കാണ് പേവിഷബാധയേറ്റ നായയുടെ കടിയേറ്റത്.

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തില്‍ നായ്‌ക്കളെ പിടികൂടി വന്ധ്യംകരിച്ച്‌ ഷെല്‍ട്ടറുകളില്‍ പാർപ്പിച്ച്‌ തുടങ്ങിയിട്ടും നഗരത്തില്‍ തെരുവുനായ ശല്യത്തിന് പരിഹാരമായിട്ടില്ല. ഡോഗ് സ്ക്വാഡ് സജീവമായെങ്കിലും പ്രവർത്തനത്തില്‍ വേഗതക്കുറവുണ്ടെന്നാണ് ആക്ഷേപം. തെരുവുനായ ശല്യം അപകടകരമായ വിധത്തില്‍ വർദ്ധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയോടും കോർപ്പറേഷൻ സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ട് അടുത്തിടെയാണ് നോട്ടീസ് അയച്ചത്.

ഹോട്ട് സ്‌പോട്ടുകള്‍ കൂടുന്നു

--------------------------------------------------------

ഹോട്ട് സ്‌പോട്ടുകള്‍ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുകയാണെന്നാണ് പരാതി. തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരം,മ്യൂസിയം വളപ്പ്,ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം,കരമന,പൂന്തുറ,ശാസ്തമംഗലം,കൊച്ചുവേളി,ശംഖുംമുഖം, മുടവൻമുഗള്‍, മെഡിക്കല്‍ കോളേജ്,വട്ടിയൂർക്കാവ്,പേരൂർക്കട,കഴക്കൂട്ടം,വെള്ളാർ,പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ ശല്യം വർദ്ധിച്ചിട്ടുണ്ട്. ചാല ,മണക്കാട്,പാളയം മാർക്കറ്റുകള്‍ക്ക് സമീപത്തും തെരുവ് നായ്‌ക്കള്‍ അലഞ്ഞുതിരിയുകയാണ്. മാലിന്യ നിക്ഷേപമാണ് തെരുവ് നായ്‌ക്കളുടെ ആക്രമണം വർദ്ധിക്കാൻ കാരണം.

നഗരത്തില്‍ ഒരാഴ്ചയ്‌ക്കിടെ വിവിധയിടങ്ങളിലായി

തെരുവ് നായ്‌ക്കളുടെ കടിയേറ്റത് - 40ലേറെ പേർക്ക്

പ്രതികരണം

---------------------------------

സമീപ പഞ്ചായത്തുകളില്‍ നിന്ന് നായ്‌ക്കളെ പിടികൂടി വാഹനത്തില്‍ നഗരത്തില്‍ തുറന്നുവിടുന്നുണ്ട്. നഗരത്തില്‍ തെരുവ് നായ്‌ക്കള്‍ ക്രമാതീതമായി കൂടാൻ ഇതും കാരണമാണ്. അടുത്തിടെ ഇത്തരത്തിലുള്ള ഒരു വാഹനം നാട്ടുകാർ പിടികൂടിയിരുന്നു. നെട്ടയം,സൈനിക സ്‌കൂള്‍,നെടുങ്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

വി.വി.രാജേഷ്,മേയർ

പരാതി ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഡോഗ് സ്‌ക്വാഡെത്തി അലഞ്ഞുതിരിയുന്ന തെരുവ് നായ്‌ക്കളെ പിടികൂടുന്നുണ്ട്. നിലവില്‍ രണ്ട് ഷെല്‍ട്ടറുകളിലായി 352 നായ്‌ക്കളെയാണ് പാർപ്പിച്ചിട്ടുള്ളത്. 3,000 നായ്‌ക്കളെ സംരക്ഷിക്കാൻ കഴിയുന്ന മറ്റൊരു ഷെല്‍ട്ടർ നിർമ്മിക്കാൻ ആലോചനയുണ്ട്. ഇക്കാര്യം മേയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആശാനാഥ് ജി.എസ്,ഡെപ്യൂട്ടി മേയർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi