കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും കർണാടകയിലും വരെ വൻ ഹിറ്റായ മലയാള ചിത്രമായിരുന്നു 'പ്രേമലു'.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നാലെ അത് അണിയറപ്രവർത്തകർ ഉപേക്ഷിച്ചു. ഇതിന് കാരണം നടൻ നസ്‌ലിൻ ഗഫൂർ ചോദിച്ച ഭീമമായ പ്രതിഫലമാണെന്നാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തല്‍. സിനിമയുടെ അണിയറ പ്രവർത്തകരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉദ്ധരിച്ചാണ് ആലപ്പി അഷ്റഫ് നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്.
'നടൻ നസ്ലിൻ ഗഫൂറും സംവിധായകൻ എ ഡി ഗിരീഷും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്ക് വഴിവച്ച സംഭവങ്ങളുടെ നേർക്കാഴ്ചകളാകട്ടെ ഈ എപ്പിസോഡ്. ഒരു സിനിമാ കഥയെ വെല്ലും വിധം മാറിമറിയുന്ന ജീവിത മുഹൂർത്തങ്ങളുള്ള കഥയാണ് നസ്ലിൻ എന്ന 25കാരന്റെ ജീവിതകഥ. 2019ല്‍ റിലീസായ 'മധുരരാജ' എന്ന ചിത്രത്തില്‍ ഒരു ജൂനിയർ ആർട്ടിസ്റ്റായി ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്ന് നസ്ലിനാണ് ഇന്ന് സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാല്‍ ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ച് വിജയതിലകം ചാർത്തി നില്‍ക്കുന്നത്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറിന്റെ ഇരട്ടക്കുട്ടികളാണ് നസ്ലിനും നഹാസും. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും ആഗ്രഹവും നസ്ലിനെ അഭിനയ ജീവിതത്തിലേക്ക് കടക്കാൻ പ്രേരിപ്പിക്കുകയും തന്റെ എൻജിനീയറിംഗ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് സിനിമാ അഭിനയത്തില്‍ സജീവമാവുകയും ചെയ്തു. നസ്ലിന്റെയും ടൊവിനോയുടെയും സിനിമയിലേക്കുള്ള കടന്നുവരവിന് സമാനതകളേറെയുണ്ട്. എന്നാല്‍ ഇവർ രണ്ടുപേരുടെയും സ്വഭാവരീതിയില്‍ തമ്മില്‍ യാതൊരു സമാനതകളും ഇല്ലാത്തതാണ്. ഇപ്പോള്‍ നസ്ലിനെക്കുറിച്ചുള്ള ചൂടേറിയ വാർത്തകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിക്കൊണ്ടിരിക്കുന്ന വേളയിലാണ് നസ്ലിനെക്കുറിച്ചുള്ള ചർച്ചകള്‍ ഉയർന്നുവരുന്നത്. നസ്ലിന്റെ സിനിമാ ജീവിതയാത്രയില്‍ നാഴികക്കല്ലായ ചിത്രമാണല്ലോ 'പ്രേമലു'. പ്രേമലു മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഓക്കെ ചരിത്രവിജയം നേടി പണം വാരിയ ചിത്രമാണ്. പ്രേമലു എന്ന ഈ ചിത്രം 100 കോടി ക്ലബില്‍ കടന്നുകയറി 150 കോടിക്കടുത്ത് കളക്ഷൻ നേടിയിരുന്നു. പ്രേമലുവിന്റെയും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെയും സംവിധായകൻ എ ഡി ഗിരീഷ് ആണ്. ഈ സംവിധായകന്റെ സംവിധാനത്തിലുള്ള 'തണ്ണീർമത്തൻ ദിനങ്ങള്‍', 'സൂപ്പർ ശരണ്യ', 'അയാം കാതലൻ' എന്നീ ചിത്രങ്ങളിലും നസ്ലിൻ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ പ്രേമലുവിന് ശേഷം വന്ന 'അയാം കാതലൻ' എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ എ ഡി ഗിരീഷിന് വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. കളക്ഷനില്‍ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടുമെന്നുള്ള വിശ്വാസവും സംവിധായകൻ പ്രകടിപ്പിച്ചിരുന്നു. അതുപോലെതന്നെ പ്രേക്ഷകരും ആ ചിത്രത്തിനുവേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നുവെന്ന് വേണം പറയാൻ. ഏത് സിനിമയുടെയും രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോള്‍ അതിന്റെ ഒന്നാം ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാരുടെ സഹകരണം അത്യന്താപേക്ഷിതമാണ്.
സംവിധായകനും നസ്ലിനും തമ്മില്‍ വ്യക്തിപരമായ പിണക്കങ്ങളോ വൈരാഗ്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തന്നെയുമല്ല. അവർ തമ്മില്‍ മാനസികമായി വലിയ അടുപ്പവും ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഇതിന്റെ നിർമാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തൻ പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നത്. എന്നാല്‍ അന്ന് അതിന്റെ കാരണങ്ങളൊന്നും തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
സാധാരണ നടീനടന്മാർ അവരെ കൈപിടിച്ചുകയറ്റിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ അനുഭാവപൂർവമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്ലിൻ എന്ന അഭിനേതാവ് ഒരു അവിഭാജ്യ ഘടകമാണെന്നുള്ള ബോദ്ധ്യമായിരിക്കാം വൻ പ്രതിഫലമായി ചോദിക്കുവാനുള്ള കാരണം. അതുകൊണ്ടാകണം സംവിധായകൻ പറഞ്ഞത് 'അവരുടെ കാര്യം നടക്കണമെങ്കില്‍ അവർ വേറെ പോകട്ടെ' എന്ന്.
ഈ പ്രതിഫല തർക്കത്തെക്കുറിച്ചുള്ള വിവരം ഞാൻ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരില്‍ നിന്നുമാണ്. ഈ കേട്ടത് സത്യമാണെങ്കില്‍ ഒരു കലാകാരൻ എന്ന നിലയില്‍ നസ്ലിന് ഉയരങ്ങള്‍ താണ്ടാൻ ചവിട്ടുപടി പണിതുതന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ? നസ്ലിൻ ഒരു പുനർവിചിന്തനത്തിന് തയ്യാറായാല്‍ നല്ലൊരു കലാസൃഷ്ടി കണ്ട് ആസ്വദിക്കുവാൻ പ്രേക്ഷകർക്ക് സാധിക്കും'- ആലപ്പി അഷ്റഫ് വ്യക്തമാക്കി.

