- കുഞ്ഞുണ്ണിമാഷുടെ ജന്മദിനം ഇന്ന്
തൃപ്രയാര്‍ : തന്റെ അന്ത്യ നാള്‍ വരെ ഒരു മകളെ പോലെ കൂടെ നിന്ന് പരിചരിച്ച മരുമകള്‍ ഉഷയ്ക്ക് കവി കുഞ്ഞുണ്ണി മാഷ് സമ്മാനിച്ച വനമുല്ല ഇത്തവണയും മൊട്ടിട്ട് വിരിഞ്ഞു. കുഞ്ഞുണ്ണി മാഷുടെ 94ാമത് ജന്മദിനമാണിന്ന്. വലപ്പാട് അതിയാരത്ത് വീടിന്റെ കിഴക്കേ കോണിലെ വനമുല്ലയില്‍ വിടര്‍ന്ന ഓരോ പൂവും കുഞ്ഞുണ്ണി മാഷെകുറിച്ചുള്ള ഓര്‍മ്മകളായി മാറുകയാണ് എഴുത്തുകാരിയായ ഉഷ കേശവരാജില്‍.
മാഷുടെ എഴുത്തുകാരിയും സന്തതസഹചാരിയും കൂടിയായിരുന്നു മരുമകളായ ഉഷ. കുഞ്ഞുണ്ണിമാഷ് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും വലപ്പാട്ടേക്ക് താമസം മാറ്റിയതില്‍പ്പിന്നെ മാഷുടെ ജീവിതാന്ത്യം വരെ നിഴലായി ഉഷ കൂട്ടിനുണ്ടായിരുന്നു.
കുട്ടമാമ (കുഞ്ഞുണ്ണിമാഷ്) തനിക്കായി സമ്മാനിച്ച വനമുല്ലയെ ഉഷ വളര്‍ത്തി വലുതാക്കി. എന്നാല്‍ മുല്ല പൂത്ത് വിടരുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ മാഷ് വിട പറഞ്ഞു. കുഞ്ഞുണ്ണിമാഷുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി കവിയുടെ നാലാം ശ്രാദ്ധ ദിനത്തിലാണ് വനമുല്ല ആദ്യമായി മൊട്ടിട്ടതും. 20 വര്‍ഷത്തിലേറെയായി വനമുല്ലയെ പരിപാലിച്ചുപോരുന്നതായി ഉഷ പറഞ്ഞു. അനുസ്മരണ സമിതികളും സാംസ്‌കാരിക സംഘടനകളും കുഞ്ഞുണ്ണിമാഷെ വിസ്മരിച്ച ദുഖത്തില്‍ നീറിയിരുന്ന ഉഷ കേശവരാജിന്റെ മനസ്സില്‍ സുഗന്ധം പരത്തിയാണ് വനമുല്ല പുഞ്ചിരിച്ചത്. പിന്നീടുള്ള ഓരോ ശ്രാദ്ധ ദിനങ്ങളിലും കൂടുതല്‍ മൊട്ടുകളുമായി വനമുല്ല വിരിയും. തുടര്‍ന്നുള്ള എതാനും ദിവസം വനമുല്ലയില്‍ പൂക്കള്‍ നിറഞ്ഞുനില്‍ക്കും. വനമുല്ലയില്‍ വിടരുന്ന ഓരോ പൂവും മാഷ് തനിക്ക് പകര്‍ന്നു തന്ന ജീവിതാനുഭവങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഉഷ പറയുന്നു.
കുഞ്ഞുണ്ണിമാഷെകുറിച്ച് ഒരു പുസ്തകം ഉഷ നേരത്തേ പുറത്തിറക്കിയിരുന്നു. കുട്ടികള്‍ക്കായി ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ എന്ന മറ്റൊരു പുസ്തകവും രചിച്ചു. കവിയുടെ ബൃഹത്തായ ജീവചരിത്രത്തിന്റെ രചനയിലാണിപ്പോള്‍ ഉഷ.

