Dailyhunt
പ്രിയപ്പെട്ട അനാമികയ്‌ക്ക്  മുഖ്യമന്ത്രി എഴുതുന്നത്...

പ്രിയപ്പെട്ട അനാമികയ്‌ക്ക് മുഖ്യമന്ത്രി എഴുതുന്നത്...

വര്‍ക്കല: കൊവിഡ് കാലത്തിന്റെ ആകുലത പങ്കുവച്ച്‌ മുഖ്യമന്ത്റിക്കെഴുതിയ കത്തിന് മറുപടി ലഭിച്ച സന്തോഷത്തിലാണ് മുങ്ങോട് സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂളിലെ നാലാംക്ലാസുകാരി അനാമിക. സെപ്തംബര്‍ 17നാണ് മുഖ്യമന്ത്റി കത്തെഴുതിയത്. പ്രിയപ്പെട്ട അനാമികയ്ക്ക് എന്ന സംബോധനയോടെയുള്ള മറുപടിയില്‍ മുഖ്യമന്ത്റി ഇങ്ങനെ എഴുതുന്നു. ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ കൊവിഡ്കാലം നമ്മളെ പുതിയ പല ശീലങ്ങളും പഠിപ്പിച്ചിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ഊട്ടിയുറപ്പിച്ച്‌ ലോക്ക്ഡൗണിനു ശേഷം തെളിഞ്ഞ ജലവുമായി പുഴകളൊഴുകി. സ്വന്തം ആവശ്യത്തിനെങ്കിലും കൃഷി ചെയ്യണമെന്ന ശീലമുണ്ടായി. വ്യക്തിശുചിത്വം ജീവിതാവശ്യമായി.

ആഘോഷങ്ങള്‍ നിയന്ത്റിച്ച്‌ ജീവിക്കാന്‍ പഠിച്ചു. സ്നേഹവും സഹവര്‍ത്തിത്വവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഈ കാലം ഓര്‍മ്മിപ്പിച്ചു. മുതിര്‍ന്നവര്‍ക്ക് അനുഭവങ്ങളിലൂടെ ഉണ്ടായ ബോദ്ധ്യപ്പെടലുകളും പുതിയ ശീലങ്ങളും കുട്ടികള്‍ക്കും പാഠമാണ്. സ്കൂളില്‍ പോയി പഠിക്കാന്‍ കഴിയുന്നില്ല എന്ന ചിന്ത നിങ്ങളില്‍ ചിലരെയെങ്കിലും അലട്ടുന്നുണ്ടാകും.

അതുകൊണ്ട് ഈ താത്കാലികമായ ബുദ്ധിമുട്ട് സ്ഥിരമായി സന്തോഷിക്കാനുള്ള തയ്യാറെടുപ്പായി കാണാന്‍ നിങ്ങള്‍ക്കു കഴിയണം. വേഗംതന്നെ എല്ലാം പഴയപടിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും മുഖ്യമന്ത്റി കത്തില്‍ പറയുന്നു. പേരേറ്റില്‍ പ്രതാപവിലാസത്തില്‍ പ്രതാപന്റെയും ആനിപവിത്രയുടെയും മകളാണ് അനാമിക. പേരേറ്റില്‍ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയുടെ ബാലവേദി പ്രവര്‍ത്തക കൂടിയാണ് അനാമിക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi