തിരുവനന്തപുരം: പ്രഗത്ഭനായ കലാസംവിധായകൻ,അനിമേറ്റർ,അദ്ധ്യാപകൻ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ.പ്രകാശ് മൂർത്തിയാണ് ലളിതകലാ അക്കാഡമിയുടെ പുതിയ അദ്ധ്യക്ഷനാകുന്നത്.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ അനിമേഷൻ ഫിലിം ഡിസൈൻ വിഭാഗം തലവനായും പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബറോഡ എം.എസ് യൂണിവേഴ്സിയില്‍ നിന്ന് പ്രയുക്ത കലയില്‍ ബിരുദാനന്തര ബിരുദവും നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് അനിമേഷൻ ഫിലിം ഡിസൈനില്‍ മാസ്റ്റർ ബിരുദവും നേടി. 1997ല്‍ ഹിരോഷിമ അന്താരാഷ്ട്ര അനിമേഷൻ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചു.
ഷാജി എൻ.കരുണ്‍ സംവിധാനം ചെയ്‌ത വാനപ്രസ്ഥം,മാർക്കസ് ഇംഹൂഫ് സംവിധാനം ചെയ്ത സ്വിസ് ഫീച്ചർ ഫിലിം റീസണ്‍ ഡി കോയർ എന്നിവയുടെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചു. വാനപ്രസ്ഥത്തിലെ മികച്ച കലാസംവിധാനത്തിന് ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിച്ചു. രാജമലയിലെയും മൂന്നാറിലെയും വന്യജീവി സങ്കേതങ്ങളിലെ ഇന്റർപ്രെട്ടേഷൻ സെന്ററുകള്‍ രൂപകല്പന ചെയ്തത് അദ്ദേഹമാണ്. ടെലിവിഷൻ രംഗത്ത് ഗലി ഗലി സിം സിം എന്ന പരിപാടിയുടെ അനിമേഷൻ മേധാവിയായും കാർട്ടൂണ്‍ നെറ്റ്‌വർക്കിലെ സുലോചന ആൻഡ് ദി നേച്ചർ ഡിറ്റക്ടീവ്സ് എന്ന ചിത്രത്തിന്റെ സംവിധായകനായും പ്രവർത്തിച്ചു. അനിമേഷൻ സിനിമയിലെ മികച്ച സംഭാവനകള്‍ക്ക് പത്മശ്രീ റാം മോഹൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
പ്രകാശ് മൂർത്തി എഴുതിയ 'അനിമേറ്റിംഗ് ആൻ ഇന്ത്യൻ സ്റ്റോറി' നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനാണ് പ്രസിദ്ധീകരിച്ചത്. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ അഹമ്മദാബാദ്,ബറോഡ എം.എസ് യൂണിവേഴ്സിറ്റി,ഐ.ഐ.ടി ഹൈദരാബാദ്,സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ അദ്ദേഹം അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ജി.ഡി ഗോയങ്ക യൂണിവേഴ്സിറ്റിയിലെ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറാണ്.

