കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ രണ്ടു പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. കുംഭകോണത്തും (തമിഴ്‌നാട്), ചണ്ഡീഗഢിലുമാണ് പുതിയ ഷോറൂമുകള്‍. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ഓണ്‍ലൈന്‍ പ്ളാറ്ര്‌ഫോമിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെ മുന്നോട്ട് നീങ്ങാനും വിപണിയില്‍ ക്രിയാത്മകമായി നിലകൊള്ളാനും വികസനപദ്ധതികളുമായി മുന്നോട്ടുപോകാനുമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ മലബാര്‍ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്നത്.
കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബയ്, ബംഗളൂരു, കോയമ്ബത്തൂര്‍, യു.എ.ഇ., സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ കമ്ബനിക്ക് ആഭരണ നിര്‍മ്മാണ യൂണിറ്റുകളുമുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ, മികച്ച മൂല്യാധിഷ്‌ഠിത സേവനങ്ങളുമാണ് മലബാര്‍ ഗോള്‍ഡിന്റെ വിജയമന്ത്രം. ആഗോള റീട്ടെയില്‍ ജുവലറി മേഖലയില്‍ വിറ്റുവരവിലും ഷോറൂമുകളുടെ എണ്ണത്തിലും ഒന്നാമതെത്തുകയാണ് ലക്ഷ്യമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. കൊവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി എല്ലാ മുന്‍കരുതലുകളും ഷോറൂമുകളില്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് പ്രായക്കാര്‍ക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്നതും വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്ക് ഇണങ്ങിയതുമായ വിപുലമായ ആഭരണശ്രേണി, ഒരുവര്‍ഷ സൗജന്യ ഇന്‍ഷ്വറന്‍സ്, ബൈബാക്ക് ഗ്യാരന്റി, സ്വര്‍ണം മാറ്റിവാങ്ങുമ്ബോള്‍ സീറോ ഡിഡക്‌ഷന്‍ ചാര്‍ജ്, ഇടപാടുകളിലെ സുതാര്യത, പഴയ സ്വര്‍ണം പരമാവധി മൂല്യത്തില്‍ തിരിച്ചെടുക്കുന്ന സംവിധാനം, വിലയുടെ 10 ശതമാനം നല്‍കി അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം എന്നിവയും മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടര്‍ (ഇന്ത്യാ ഓപ്പറേഷന്‍സ്) ഒ. അഷര്‍ പറഞ്ഞു.
വികസനക്കുതിപ്പിലേക്ക്
അഞ്ചുവര്‍ഷത്തിനകം ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് മലബാര്‍ ഗോള്‍ഡിന്റെ ലക്ഷ്യം. പാട്‌ന, ഇന്‍ഡോര്‍, വിശാഖപട്ടണം, തെലങ്കാനയിലെ ഖമ്മം, മഹാരാഷ്‌ട്രയിലെ താനെ, വാഷി, ഡല്‍ഹിയിലെ ദ്വാരക, കര്‍ണാടകയിലെ കമ്മനഹള്ളി, മല്ലേശ്വരം, ആന്ധ്രയിലെ ശ്രീകാകുളം എന്നിവിടങ്ങളില്‍ ഈവര്‍ഷം തന്നെ പുതിയ ഷോറൂമുകള്‍ തുറക്കും. മലേഷ്യ, ബംഗ്ളാദേശ്, സിംഗപ്പൂര്‍, യു.എ.ഇ., സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങിയയിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കുന്നുണ്ട്.

