Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുതിയ  രണ്ടിനം  കടന്നലുകളെ  കണ്ടെത്തി, ഇവ  പാറ്റ  വേട്ടക്കാര്‍

പുതിയ രണ്ടിനം കടന്നലുകളെ കണ്ടെത്തി, ഇവ പാറ്റ വേട്ടക്കാര്‍

കോഴിക്കോട്: പാറ്റകളെ വേട്ടയാടി കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാക്കുന്ന അംബുലിസിഡെ കുടുംബത്തില്‍ വരുന്ന പുതിയ രണ്ടിനം കടന്നലുകളെ ശാസ്‌ത്രജ്ഞരുടെ സംഘം കണ്ടെത്തി. ഡോളിക്യൂറസ് വര്‍ഗത്തില്‍ പെട്ടതാണ് ഇവ രണ്ടും. പശ്ചിമഘട്ട പ്രദേശങ്ങളായ കൂനൂരിലും പേപ്പാറ വന്യജീവി സങ്കേതത്തിലുമായാണ് പുത്തന്‍ 'വേട്ട'ക്കാരെ തിരിച്ചറിഞ്ഞത്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.പി.എം.സുരേഷന്‍, ഡോ.പി.ഗിരീഷ് കുമാര്‍, ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോ എസ്.അനഘ എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ പഠനത്തിനിടയിലാണ് ഈ നേട്ടം. പുതിയ ഇനങ്ങള്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലബോറട്ടറി അസിസ്റ്റന്റ് സി.ചരേഷിന്റെയും (ഡോളിക്യൂറസ് ചരേഷി) പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേരായ സഹ്യാദ്രിയുടെയും (ഡോളിക്യൂറസ് സഹ്യാദ്രിയന്‌സിസ്) പേരിലാണ് അറിയപ്പെടുക.

ഡോളിക്യൂറസ് ചരേഷിയെ പിന്നീട് രാജസ്ഥാനിലെ ആരവല്ലി പര്‍വത നിരയിലും കണ്ടെത്താനായി. ശ്രീലങ്കയില്‍ മാത്രമുള്ളതെന്ന് കരുതപ്പെട്ട ഡോളിക്യൂറസ് അരിടുലസ് എന്ന ഇനം കേരളത്തിലും തമിഴ്‌നാട്ടിലും കണ്ടെത്താനും പഠനത്തിലൂടെ കഴിഞ്ഞു. ഇതോടെ രാജ്യത്ത് ഡോളിക്യൂറസ് വര്‍ഗത്തിലുള്ള കടന്നലുകളുടെ എണ്ണം ഏഴായി. പ്രകൃതിയില്‍ പാറ്റകളുടെ വംശവര്‍ദ്ധന നിയന്ത്രിക്കുന്നതില്‍ ഇത്തരം കടന്നലുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.
സംഘത്തിന്റെ ഗവേഷണഫലങ്ങള്‍ അന്താരാഷ്ട്ര ജേണലായ 'സൂടാക്‌സ'യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi