പറവൂർ: റിട്ട. ഡെപ്യൂട്ടി കളക്ടറും ദീർഘനാള്‍ പറവൂർ തഹസില്‍ദാരുമായിരുന്ന എം.എച്ച്. ഹരീഷിനെ (58) പറവൂർ -കൊടുങ്ങല്ലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ശങ്കരനാരായണ എന്ന സ്വകാര്യ ബസിലെ തൊഴിലാളികള്‍ മർദ്ദിച്ചതായി പരാതി.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രദർശനം കഴിഞ്ഞ് മാല്യങ്കരയിലേക്ക് മടങ്ങവെയായിരുന്നു സംഭവം. യാത്രയ്ക്കിടെ കോട്ടപ്പുറം പാലത്തിലൂടെ അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്നതിനെ ചോദ്യം ചെയ്തതോടെ കണ്ടക്ടർ സീറ്റിന് അടുത്തുവന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് മൂത്തകുന്നം സ്റ്റോപ്പില്‍ ബസ് നിറുത്തിയിട്ട ശേഷം സീറ്റില്‍ നിന്ന് ഇറങ്ങി വന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് തള്ളിയിടുകയുമായിരുന്നെന്ന് ഹരീഷ് പറഞ്ഞു. വടക്കേക്കര പൊലീസ് സ്റ്രേഷനിലെത്തി പരാതി നല്‍കിയ ശേഷം ഹരീഷ് പറവൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
