Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബാള്‍  തലശ്ശേരിയില്‍ തുടങ്ങി

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബാള്‍ തലശ്ശേരിയില്‍ തുടങ്ങി

തലശ്ശേരി: എഴുപതാമത് കേരള സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബാള്‍ ചാമ്പ്യൻഷിപ്പിന് തലശ്ശേരി മുൻസിപ്പല്‍ ബാസ്‌കറ്റ്‌ബാള്‍ ഗ്രൗണ്ടിലും എം.എം.എച്ച്‌.എസ്.എസ് കോർട്ടുകളിലുമായി വർണ്ണാഭ തുടക്കം.

ജില്ലാ കളക്ടർ പി. വിഷ്ണുനാഥ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ബാസ്‌കറ്റ്ബാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സി.ഡി.ബി.എ പ്രസിഡന്റ് ഡോ. ജാസിം ഉമർ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സംബന്ധിച്ചു. കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷൻ ഭാരവാഹികളും കണ്ണൂർ ജില്ലാ സ്‌പോർട്സ് കൗണ്‍സില്‍ തലശ്ശേരി നഗരസഭ പ്രതിനിധികളും പങ്കെടുത്തു. ചലച്ചിത്ര നടി മാളവിക മേനോൻ മുഖ്യാതിഥിയായി. കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂർ ജില്ലാ ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് 8ന് സമാപിക്കും.
കേരളത്തിലെയും കണ്ണൂർ ജില്ലയിലെയും വിശിഷ്യാ തലശ്ശേരിയിലെയും ബാസ്‌കറ്റ്‌ബാള്‍ കായികരംഗത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മുൻനിർത്തി വി.സി. ഹാഷിമിനെ കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷൻ ചടങ്ങില്‍ ആദരിച്ചു.

ആദ്യജയം തൃശൂരിനും ആലപ്പുഴയ്ക്കും

ആദ്യദിനത്തില്‍ നടന്ന ലീഗ് മത്സരങ്ങളില്‍ ഇരു വിഭാഗങ്ങളിലും മികച്ച പോരാട്ടങ്ങളാണ് അരങ്ങേറിയത്. പുരുഷന്മാരുടെ വിഭാഗത്തില്‍ മലപ്പുറത്തെ 106-41 ന് തകർത്തുവിട്ട് തൃശൂർ വമ്പൻ വിജയം നേടിയപ്പോള്‍, തിരുവനന്തപുരത്തെ 93-76 ന് തോല്‍പ്പിച്ച്‌ കൊല്ലം കരുത്തുകാട്ടി. എറണാകുളവും കാസർകോടും തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ആധികാരിക വിജയം സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ മുൻ അന്താരാഷ്ട്ര താരങ്ങളായ പി.എസ് ജീന, ഗ്രിമ മെർലിൻ ബേബി, നിലവിലെ ഇന്ത്യൻ ക്യാമ്പ് താരം ജയലക്ഷ്മി എന്നിവരടങ്ങിയ ശക്തമായ ആലപ്പുഴ ടീം 87-52 ന് എറണാകുളത്തെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ കോഴിക്കോട് 77-32 ന് മലപ്പുറത്തെ മലർത്തിയടിച്ചപ്പോള്‍ കാസർകോടിനെതിരെ പാലക്കാടും അനായാസ വിജയം നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi