തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകളില്‍ കടകളില്‍ എത്തുന്നവര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ സര്‍വത്ര ആശയക്കുഴപ്പം. ഇന്നുമുതല്‍ കടകളില്‍ എത്തുന്നവര്‍ക്ക് എഴുപത്തിരണ്ട് മണിക്കൂര്‍ മുമ്ബ് നടത്തിയ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. അല്ലെങ്കില്‍ ഒരുമാസം മുമ്ബ് കൊവിഡ് വന്നുപോയവര്‍ ആകണം എന്നതാണ് നിബന്ധന.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വ്യാപാരികള്‍ ഉള്‍പ്പടെയുള്ള രംഗത്തെത്തിയിട്ടുണ്ട്. എത്രപേര്‍ക്ക് ഇത്തരത്തില്‍ പുറത്തിറങ്ങാന്‍ ആവുമെന്നാണ് അവര്‍ ചോദിക്കുന്നത്. വാക്സിനെടുക്കാന്‍ ആകാത്തവര്‍ നിരവധിയാണ്.
കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍.
വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നത്.
ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.

