കൊച്ചി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ യാത്രാ വിമാനമായ 'സാരസ് എം.കെ 2' വിനായി നെസ്റ്റ് ഗ്രൂപ്പിന്റെ പ്രതിരോധ-വ്യോമയാന വിഭാഗമായ എസ്.എഫ്.ഒ ടെക്‌നോളജീസ് വികസിപ്പിച്ച ഘടകമായ പ്രൈമറി പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (പി.പി.ഡി.എസ്) ബംഗളൂരു സി.എസ്.ഐ.ആർ-നാഷണല്‍ എയറോ സ്‌പേസ് ലബോറട്ടറിക്ക് (എൻ.എ.എല്‍)കൈമാറി.
കളമശേരിയിലെ ഹൈടെക് പാർക്കില്‍ നടന്ന ചടങ്ങില്‍ നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ, എൻ.എ.എല്‍ ഡയറക്ടർ ഡോ. അഭയ് അനന്ത് പാഷില്‍ക്കർ എന്നിവർ പങ്കെടുത്തു.
വ്യോമയാന മേഖലയിലെ ഉയർന്ന ഡിസൈൻ സെക്യൂരിറ്റി മാനദണ്ഡമായ ഡിസൈൻ അഷ്വറൻസ് ലെവല്‍ എ ഉറപ്പുനല്‍കുന്നതാണ് പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം. വിമാനത്തിന്റെ രണ്ടു ടർബോ-പ്രോപ്പ് എൻജിനുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിവിധ ഭാഗങ്ങളിലേക്ക് കൃത്യമായി വിതരണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സ്‌മാർട്ട് സിസ്റ്റം സഹായിക്കും.
പ്രതിരോധ-വ്യോമയാന രംഗത്ത് അത്യാധുനിക ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിർമ്മിക്കുന്നതില്‍ നാഴികക്കല്ലാണിതെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ. ജഹാംഗീർ പറഞ്ഞു.
സാരസ് എം.കെ 2 പ്രോഗ്രാം എല്ലാ സംവിധാനങ്ങളുടെയും സുപ്രധാന ഡിസൈൻ അവലോകനങ്ങള്‍ പൂർത്തിയാക്കി, എയർക്രാഫ്റ്റ് ലെവല്‍ ക്രിട്ടിക്കല്‍ ഡിസൈൻ റിവ്യൂവിലേക്ക് കടക്കുകയാണെന്ന് ഡോ. അഭയ് അനന്ത് പാഷില്‍ക്കർ പറഞ്ഞു.
പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന് ആവശ്യമായ സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചത് നെസ്റ്റ് ഗ്രൂപ്പിന്റെ 'നെസ്റ്റ് ഡിജിറ്റല്‍' ആണ്. 'ഉഡാൻ' വഴി ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് നിർമ്മിക്കുന്ന 19 സീറ്റുകളുള്ള സാരസ് വിമാനം വ്യോമസേനയും ഉപയോഗിക്കും.

