റിയാദ് : സൗദി അറേബ്യ ലക്ഷ്യമിട്ട് ഇറാഖില്‍ നിന്ന് വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് സൗദി പ്രതിരോധ മന്ത്രാലയം.
സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും റിഫൈനറികള്‍ ലക്ഷ്യമിട്ട് ഇറാഖില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണുകള്‍ സൈന്യം തകർത്തതതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ നടന്ന ആക്രമണ ശ്രമങ്ങള്‍ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറല്‍ തുർക്കി അല്‍മാലിക് അറിയിച്ചു.
ഇറാഖില്‍ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള അർദ്ധ സൈനിക ഗ്രൂപ്പുകളായ മിലിഷ്യകളാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് തുർക്കി അല്‍മാലിക് പറഞ്ഞു. ഭീകരാക്രമണ ശ്രമങ്ങളാണ് ഇവയെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷയും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സൗദി അറേബ്യക്ക് നിയമപരമായ അവകാശമുണ്ടെന്നും ഉചിതമായ സമയത്ത് അതിന് മറുപടി നല്‍കുമെന്നും അല്‍മാലികി വ്യക്തമാക്കി.
സൗദി വിദേശകാര്യ മന്ത്രാലയവും ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളെ ചെറുക്കാനും അതിന്റെ ഉറവിടങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറാഖിന്റെ പ്രദേശങ്ങള്‍ ഉപയോഗിക്കാതിരിക്കാന ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

