Dailyhunt
ശബരിമല റോഡുകളുടെ പുനര്‍നിര്‍മ്മാണം: ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

ശബരിമല റോഡുകളുടെ പുനര്‍നിര്‍മ്മാണം: ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാലത്തിന് മുമ്ബായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രധാന റോഡുകളടക്കം ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും, 33 അനുബന്ധ റോഡുകള്‍ക്ക് 178 കോടിയുടെയും ഭരണാനുമതി നല്‍കി. ഇതിന്റെ ടെന്‍ഡര്‍ നടപടിയാരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് പദ്ധതിയിലുള്ളത്. ശബരിമല റോഡുകള്‍ക്കായി 225 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്ബ് റോഡുകള്‍ ഗതാഗതയോഗ്യമാക്കും. മണ്ണാറകുളഞ്ഞി പമ്ബാറോഡില്‍ വിള്ളലുണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ കയര്‍ ഭൂവസ്ത്രമുപയോഗിച്ച്‌ സുരക്ഷിതമാക്കും. 9.25 കോടി ചെലവില്‍ പ്ലാപ്പള്ളി ഗവി റോഡ് നവീകരിക്കുകയാണ്. മണ്ണാറക്കുളഞ്ഞി ഇലവുങ്കല്‍, മണ്ണാറക്കുളഞ്ഞി ചാലക്കയം എന്നീ ഭാഗങ്ങള്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ പുതിയ പദ്ധതിയില്‍പ്പെടുത്തിയാണ് ചെയ്യുന്നത്. ഇലവുങ്കല്‍ ചാലക്കയം റോഡിന്റെ പുനര്‍ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും നിര്‍വഹിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi