Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഷിഗെല്ല: ആറാട്ടുപുഴയില്‍ സ്കൂള്‍ തുറക്കുന്നത് 15 ദിവസം നീട്ടി

ലപ്പുഴ: നാല് കുട്ടികള്‍ക്ക് ബാക്ടീരിയല്‍ അണുബാധയായ ഷിഗെല്ല സ്ഥിരീകരിക്കുകയും, വയറിളക്കരോഗം വ്യാപകമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ച്‌ ആറാട്ടുപുഴ പഞ്ചായത്തിലെ 7, 9, 12, 13, 14, 15, 17 എന്നീ വാർഡുകളിലെ സ്കൂള്‍ തുറപ്പ് ജൂണ്‍ ഒന്ന് മുതല്‍ 15 ദിവസത്തേക്ക് നീട്ടിവെച്ച്‌ ജില്ലാ കളക്ടർ ഷാജി വി.

നായർ ഉത്തരവായി. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഷിഗെല്ല രോഗലക്ഷണം പ്രകടിപ്പിച്ച്‌ ചികിത്സതേടിയ അഞ്ച് കുട്ടികളില്‍ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറാട്ടുപുഴ പഞ്ചായത്തിലെ മൂന്നുവാർഡുകളിലാണ് രോഗവ്യാപനം. ഇവിടങ്ങളിലായി 100 ഓളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഏറെയും കുട്ടികളാണ്. മോശം ഭക്ഷണം, കുടിവെള്ളം എന്നിവയില്‍ നിന്നാണ് രോഗവ്യാപനമുണ്ടായിട്ടുള്ളത്. ജല അതോറിട്ടി നല്‍കുന്ന കുടിവെള്ള സാംപിളുകള്‍ പരിശോധിച്ചതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതുതന്നെയാണോ രോഗവ്യാപനത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

ശക്തമായ പനി, വയറുകടി, വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണമുള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.
ജില്ലയില്‍ മഴകനത്തതോടെ വയറിളക്കരോഗികളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടെ 505 പേരാണ് വയറിളക്കരോഗത്തിന് ചികിത്സ തേടിയത്. വെള്ളിയാഴ്ച മാത്രം 119 പേർക്ക് രോഗം പിടിപെട്ടു.

മസ്തിഷ്കജ്ജ്വരം: മരണം നാലായി
ജില്ലയില്‍ മസ്തിഷ്കജ്ജ്വരംബാധിച്ചുള്ള മരണം നാലായി. ആലപ്പുഴ നഗരത്തിലെ സാനാതനപുരത്ത് 64 വയസ്സുകാരിയാണ് കഴിഞ്ഞദിവസം മസ്തിഷ്കജ്ജ്വരം (അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം) ബാധിച്ചുമരിച്ചത്. ഇതിനുമുൻപ് മൂന്നുപേർ മരിച്ചത് അമീബിക് മസ്തിഷ്കജ്ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) മൂലമാണ്. അമ്പലപ്പുഴയിലെ നീർക്കുന്നം, മാവേലിക്കര വഴുവാടി, ചേർത്തല വെട്ടയ്ക്കല്‍ എന്നിവിടങ്ങളിലായിരുന്നു മരണങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi