ആലുവ: ദീർഘവീക്ഷണത്തോടെ മഴക്കാലപൂർവ ശുചീകണം നടത്താത്തതിനാല്‍ പകർച്ചവ്യാധി ഭീഷണിയിലായി ആലുവ നഗരസഭ പരിസരം. നിരവധി പേർ ഡെങ്കിപ്പനി, വൈറല്‍ പനി ബാധിച്ച് ചികിത്സയിലാണ്.
നഗരസഭ അധികൃതർ പകർച്ചവ്യാധി തടയുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആരോപണം.
പകർച്ചവ്യാധി വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് സി.പി.എം ആലുവ ലോക്കല്‍ കമ്മിറ്റി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജീവ് സക്കറിയ, നഗരസഭ കൗണ്‍സിലർമാരായ മിനി ബൈജു, പി.ആർ. രാജേഷ്, ഫെബിൻ പള്ളത്ത്, ജിബി ജിനു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, കെ.വി. മാർട്ടിൻ, ബി. മനോജ്, പി.എ. ഇസഹാക്ക്, രാജീവ് ചന്ദ്രൻ, നന്ദു ഉദയൻ, ഫൈസല്‍ തരകൻ, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന നഗരസഭ സെക്രട്ടറി അൻസല്‍ ഐസക് ഉറപ്പ് നല്‍കിയതായി സമരക്കാർ അറിയിച്ചു.
ഇടറോഡുകളില്‍ വെള്ളക്കെട്ട്
ശുചീകരണ പ്രവർത്തനങ്ങളും ഫോഗിഗും അടക്കമുള്ള പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണെന്ന ആക്ഷേപമുണ്ട്.
അപകടാവസ്ഥയിലായ മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചു നീക്കുന്നതും കാന ശുചീകരണവും പാതിവഴിയില്‍
ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആരോഗ്യപ്രശ്നങ്ങളാല്‍ മാസങ്ങളായി അവധിയിലായിട്ടും മറ്റൊരാള്‍ക്കും ചുമതല നല്‍കാൻ നഗരസഭ തയ്യാറായിട്ടില്ല.
മഴ പെയ്താല്‍ ഇടറോഡുകളില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്.

