കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) മാര്‍ച്ച് 31ന് സമാപിച്ച 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 218.40 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്. 2019-20ലെ 12.72 കോടി രൂപയേക്കാള്‍ 1,617 ശതമാനമാണ് വര്‍ദ്ധന. അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 42.89 കോടി രൂപയുടെ ലാഭവും ബാങ്ക് നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ കുറിച്ചത് 59.70 കോടി രൂപയുടെ നഷ്‌ടമായിരുന്നു.
കഴിഞ്ഞപാദ വരുമാനം 475.89 കോടി രൂപയില്‍ നിന്നുയര്‍ന്ന് 609.45 കോടി രൂപയായി. പലിശവരുമാനം 28 ശതമാനം വര്‍ദ്ധിച്ച് 497 കോടി രൂപയിലെത്തി. സാമ്ബത്തിക വര്‍ഷത്തെ മൊത്തം വരുമാനം 1,731.50 കോടി രൂപയില്‍ നിന്ന് 2,273.11 കോടി രൂപയായി മെച്ചപ്പെട്ടു. 1,510 കോടി രൂപയില്‍ നിന്ന് 1,872 കോടി രൂപയായി പലിശ വരുമാനവും ഉയര്‍ന്നു.
മൊത്തം വായ്‌പകളില്‍ 27 ശതമാനം വര്‍ദ്ധനയുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.
സ്വര്‍ണപ്പണയ വായ്‌പകളില്‍ മികച്ച ശ്രദ്ധപുലര്‍ത്തുന്ന ബാങ്ക്, ഈയിനത്തില്‍ നേടിയ വളര്‍ച്ച 61 ശതമാനമാണ്. നിക്ഷേപങ്ങള്‍ 15,791 കോടി രൂപയില്‍ നിന്ന് 19,140 കോടി രൂപയായി വളര്‍ന്നു. 11,366 കോടി രൂപയില്‍ നിന്ന് 14,438 കോടി രൂപയിലേക്കാണ് വായ്‌പാവളര്‍ച്ച. 100-ാം വാര്‍ഷികം ആഘോഷിക്കുന്ന ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞവര്‍ഷം 24 ശതമാനം മുന്നേറി 6,421 കോടി രൂപയായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആര്‍. രാജേന്ദ്രന്‍ പറഞ്ഞു.
ബാങ്കിന്റെ ലിക്വിഡിറ്റി പൊസിഷന്‍ (സാമ്ബത്തികഭദ്രത) 210.39 ശതമാനം ലിക്വിഡിറ്റി കവറേജ് റേഷ്യോയുമായി റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ്. നിക്ഷേപങ്ങളില്‍ ബാങ്കിംഗ് മേഖല 12 ശതമാനവും വായ്‌പകളില്‍ ആറു ശതമാനവും വളര്‍ന്നപ്പോള്‍ സി.എസ്.ബി ബാങ്ക് നേടിയത് യഥാക്രമം 21 ശതമാനം, 27 ശതമാനം വളര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
101-ാം വര്‍ഷം, 200 ശാഖകള്‍
പ്രതിസന്ധികളുടെ കാലത്തിന് വിടപറഞ്ഞ്, ലാഭട്രാക്കിലേറിയ സി.എസ്.ബി ബാങ്ക് പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. 100-ാം വര്‍ഷികമാഘോഷിച്ച കഴിഞ്ഞവര്‍ഷം 100 പുതിയ ശാഖകള്‍ ബാങ്ക് തുറന്നു. ഈവര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ ശാഖകള്‍ തുറക്കുക. കഴിഞ്ഞവര്‍ഷത്തെ 100 പുതിയ ശാഖകളില്‍ ഒമ്ബതെണ്ണം മാത്രമായിരുന്നു കേരളത്തില്‍.
പൊന്നിനാണ് തിളക്കം
സ്വര്‍ണപ്പണയ വായ്‌പകളിലാണ് ബാങ്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ടൂവീലര്‍ വായ്‌പ, കാര്‍ഷിക വായ്‌പ, എം.എസ്.എം.ഇ., എസ്.എം.ഇ വായ്‌പകള്‍ക്കും മികച്ച പരിഗണന നല്‍കുന്നുണ്ട്.
കിട്ടാക്കടം താഴേക്ക്
ബാങ്കിന് ആശ്വാസം പകര്‍ന്ന് കഴിഞ്ഞവര്‍ഷം കിട്ടാക്കടവും കുറഞ്ഞു. 2019-20ലെ 3.54 ശതമാനത്തില്‍ നിന്ന് മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എന്‍.പി.എ) 2.68 ശതമാനത്തിലേക്കും 1.91 ശതമാനത്തില്‍ നിന്ന് അറ്റ നിഷ്‌ക്രിയ ആസ്‌തി (എന്‍.എന്‍.പി.എ) 1.17 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. 409.43 കോടി രൂപയില്‍ നിന്ന് 393.49 കോടി രൂപയായാണ് മൊത്തം കിട്ടാക്കടം താഴ്‌ന്നത്. അറ്റ കിട്ടാക്കടം 84.32 കോടി രൂപയായിരുന്നത് 70.95 രൂപയായി കുറഞ്ഞു.

