ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ഫണ്ടിംഗും സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ സാമ്പത്തിക സ്രോതസുകളും അന്വേഷിക്കണമെന്ന് ആവശ്യം.
വിവരാവകാശ പ്രവർത്തകൻ അമിത് തവാരി തിരഞ്ഞെടുപ്പ് കമ്മിഷനും സെൻട്രല്‍ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസിനും (സി.ബി.ഐ.സി), മഹാരാഷ്ട്ര സർക്കാരിനും ഇതുസംബന്ധിച്ച് പരാതി നല്‍കി.
സി.ജെ.പിയുടെ പ്രവർത്തനവും അവർക്ക് ലഭിച്ച ധനസഹായങ്ങളും സംബന്ധിച്ച് മൂന്ന് പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് തിവാരി പറഞ്ഞു. രജിസ്റ്റർ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയായ സി.ജെ.പി സംഭാവനകള്‍ സ്വീകരിച്ചത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം തെറ്റാണ്. മുതിർന്ന അഭിഭാഷകൻ കപില്‍ സിബലുമായി ബന്ധപ്പെട്ട ഒരു കോടി രൂപ ഫണ്ടിന് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നത് ആലോചിക്കാനും ആവശ്യപ്പെട്ടു.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവ് ഭഗവൻറാവു ദിപ്കെയുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 60,000-65,000 രൂപ ശമ്പളം വാങ്ങിയിരുന്ന എം.ഐ.ഡി.സി മുൻ ജൂനിയർ എൻജിനിയറായ ഭഗവൻറാവു ദിപ്കെയ്‌ക്ക് മക്കളെ അമേരിക്കയില്‍ അയച്ച് പഠിപ്പിക്കാനുള്ള പണം എവിടെ നിന്ന് കിട്ടി. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

