മുംബയ് : ഈമാസം നടക്കുന്ന സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി.
ലോകകപ്പ് നേട്ടത്തില്‍ നിർണായക പങ്കുവഹിച്ച സഞ്ജു അതിനുശേഷം നടന്ന അയർലാൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ളണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിലും യഥാക്രമം 5,0,1 എന്നിങ്ങനെയാണ് സ്കോർ ചെയ്തിരുന്നത്. ഇതോടെ ഇംഗ്ളണ്ടിനെ തിരായ രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കുകയും ചെയ്തിരുന്നു.
പ്രത്യേകിച്ച് കാരണം പറയാതെയാണ് സഞ്ജുവിനെ ഒഴിവാക്കിയത്. അതേസമയം വൈഭവ് സൂര്യവംശിക്ക് ടീമില്‍ ഇടം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ,ഹർഷിത് റാണ,അർഷ്ദീപ് സിംഗ്,വാഷിംഗ്ടണ്‍ സുന്ദർ,രവി ബിഷ്ണോയ് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.മായാങ്ക് യാദവും റിങ്കു സിംഗും തിരിച്ചെത്തി. ഹർഷ് ദുബേ,പ്രഭ്സിമ്രാൻ സിംഗ്,യഷ് താക്കൂർ,അശോക് ശർമ്മ എന്നിവരും ടീമിലുണ്ട്.
മൂന്നാം ട്വന്റി-20 ഇന്ന്
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാം ട്വന്റി-20 മത്സരം ഇന്ന് നോട്ടിംഗ്ഹാമില്‍ നടക്കും. ആദ്യ മത്സരം മഴയിലുപേക്ഷിക്കുകയും രണ്ടാം മത്സരത്തില്‍ ഇംഗ്ളണ്ട് ജയിക്കുകയും ചെയ്തിരുന്നു. രാത്രി 10 മുതല്‍ സോണി സ്പോർട്സില്‍ ലൈവ്.

