കോഴിക്കോട്: ഫറോക്ക് കോടമ്പുഴയിലെ 'സീനത്ത് മൻസിലിലേക്ക്' ഇന്നലെയും ആളുകള്‍ ഒഴുകിയെത്തിയിരുന്നു. ഇരുപത് വർഷത്തിന് ശേഷം തൂക്കുകയറില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ റഹീമിനെ ഒരു നോക്ക് കാണാനും സന്തോഷം പങ്കിടാനും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളാണ് വീട്ടിലേക്കെത്തിയത്.
സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ അനസ് അല്‍ ശഹ്റി മരിച്ച സംഭവത്തില്‍ വധശിക്ഷയില്‍ നിന്ന് മുക്തനായി സൗദി ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ റഹീം കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. രാവിലെ 8.30 യോടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീമിനെ ബന്ധുക്കളും നിയമസഹായ സമിതിയും വ്യവസായി ബോബി ചെമ്മണ്ണൂരും നാട്ടുകാരും ചേർന്ന് ഹർഷാരവത്തോടെ സ്വീകരിച്ചു. തറവാട് വീടായ സീനത്ത് മൻസിലില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. ഒമ്പതരയോടെ വീട്ടിലെത്തിയ റഹീമിനെ അവർ സ്നേഹത്തോടെ സ്വീകരിച്ചു. പിറന്ന മണ്ണില്‍ കാലുകുത്തിയ നിമിഷം പൊട്ടിക്കരഞ്ഞ റഹീമിനെ ഉമ്മ ഫാത്തിമ നെഞ്ചോട് ചേർത്ത് മുത്തം നല്‍കി സ്വീകരിച്ചു. ഉമ്മയെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ച് റഹീം കുശലം പറഞ്ഞു. വർഷങ്ങള്‍ക്ക് ശേഷം എല്ലാവരും ചേർന്നുള്ള പെരുന്നാള്‍ റഹീമിനെ സന്തോഷം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. വീട്ടിലെത്തുന്ന ഓരോരുത്തരെയും ചേർത്ത് പിടിച്ചും മധുരം പങ്കിട്ടുമാണ് കുടുംബം സ്വീകരിച്ചത്. റഹീമിനൊപ്പം ബോബി ചെമ്മണ്ണൂരും വീട്ടിലെത്തിയിരുന്നു. വൈകിട്ട് കൃഷി മന്ത്രി ടി.സിദ്ധീഖ്, ഡോ.എം.കെ മുനീർ എന്നിവരും എത്തി. കോഴിക്കോട് പൗരാവലിയുടെ സ്വീകരണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ റഹീമിനെ വീഡിയോ കോള്‍ ചെയ്ത് സന്തോഷം പങ്കിട്ടു. സൗദി ജയിലില്‍ നിന്നുള്ള സഹതടവുകാരും റഹീമിനെ ഫോണില്‍ വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു. ഇന്നലേയും രാവിലെ മുതല്‍ റഹീമിനെക്കാണാൻ നിരവധി പേരെത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, സമസ്ത നേതാക്കാള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവരും എത്തിയിരുന്നു.
'' നിങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. ആരെയെങ്കിലും വിട്ടു പോയാല്‍ അത് വിഷമമാകും. എന്റെ ജീവിതം തിരികെ തന്ന നാട്ടുകാർ, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ ലോക മലയാളികള്‍ക്കും നന്ദി''
- റഹീം

