സിനിമ കാണാനെത്തിയവർ തമ്മില്‍ തിയേറ്ററിനുള്ളില്‍ കയ്യാങ്കളി. മാർവല്‍ ചിത്രമായ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' കാണുന്നതിനിടയില്‍ ചിത്രത്തിലെ പ്രധാന കഥയും രംഗങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞെന്ന് (സ്പോയിലർ നല്‍കി) ആരോപിച്ചാണ് സംഘർഷമുണ്ടായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിനിമ കാണാൻ തിയേറ്ററിലെത്തിയ നാല് സുഹൃത്തുക്കളുടെ അടുത്ത സീറ്റിലിരുന്ന ഒരാള്‍, കഥയിലെ പ്രധാന വഴിത്തിവുകള്‍ ഇയാള്‍ക്കൊപ്പമിരുന്ന പെണ്‍കുട്ടിക്ക് ഉറക്കെപ്പറഞ്ഞുകൊടുത്തു. ഇത് നാലുപേരുടെയും സിനിമ ആസ്വദിക്കാനുള്ള മൂഡ് കളഞ്ഞു. തുടർന്ന് സുഹൃത്തുക്കള്‍ ഇയാളെ ചോദ്യം ചെയ്തത് വലിയ വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കലാശിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് തിയേറ്ററിനുള്ളില്‍ ബഹളവും കൂട്ടത്തല്ലുമുണ്ടായത്.
പ്രചരിക്കുന്ന വീഡിയോയുടെയും സംഭവസ്ഥലത്തിന്റെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിയേറ്ററുകളില്‍ സിനിമ കാണാനെത്തുന്നവരുടെ ആസ്വാദനം ഇല്ലാതാക്കുന്ന രീതിയില്‍ സിനിമയുടെ കഥ മുൻകൂട്ടി പറഞ്ഞു പരത്തുന്ന പ്രവണത ഒഴിവാക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് വൈറല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാർവല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ടോം ഹോളണ്ട് അഭിനയിക്കുന്ന നാലാമത്തെ സ്‌പൈഡർമാൻ ചിത്രമാണ് ഡെസ്റ്റിൻ ഡാനിയേല്‍ ക്രെട്ടണ്‍ സംവിധാനം ചെയ്ത 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'.

