തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളുടെ വിചാരണയ്ക്ക് സംസ്ഥാനത്ത് പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി അഡ്വക്കേറ്റ് ജനറല്‍ സംസാരിക്കുകയും തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ആവശ്യമെങ്കില്‍ നിലവിലെ നിയമവും ചട്ടവും ശക്തിപ്പെടുത്തും. സ്ത്രീകളുടെ പരാതിയില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സ്ത്രീധനത്തിനെതിരെ
പാഠഭാഗം ഉള്‍പ്പെടുത്തും
പുതുതലമുറയില്‍ സ്ത്രീധനത്തിനെതിരായ അവബോധം സൃഷ്ടിക്കാന്‍ പാഠപുസ്തകങ്ങളില്‍ കൃത്യമായ ഭാഗം ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനം വാങ്ങില്ലെന്നും നല്‍കില്ലെന്നും സമൂഹം തീരുമാനിക്കണം. തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിസഹായരാകാതെ ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. വിവാഹ മോചിതരായവരോടുള്ള മനോഭാവം മാറ്റാന്‍ സമൂഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

