Dailyhunt
സൂപ്പര്‍ ഹിറ്റായി കൊവിഡ് കാലത്തെ 'കുഞ്ഞന്‍ ഫ്രെയിമുകള്‍'

സൂപ്പര്‍ ഹിറ്റായി കൊവിഡ് കാലത്തെ 'കുഞ്ഞന്‍ ഫ്രെയിമുകള്‍'

ലക്ഷ്മിയും ശിവാഗും ഔട്ട് ഡോര്‍ ചിത്രീകരണവേളയില്‍

കൊച്ചി: ലോക്ക് ഡൗണിലെ ബോറടിമാറ്റാന്‍ ചുറ്റുവട്ടങ്ങളെ ഫ്രെയിമിലാക്കിയ കുഞ്ഞ് സഹോദരങ്ങളായ ലക്ഷ്മിയും ശിവാഗും താരങ്ങളായി. മൊബൈല്‍ ഫോണില്‍ ഇവരെടുത്ത ചിത്രങ്ങള്‍ക്ക് ലോകം മുഴുവന്‍ ആരാധകരാണിപ്പോള്‍. www.kidsownpic.com എന്ന സ്വന്തം വെബ് സൈറ്റില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലാണ്. കോട്ടയം റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ലക്ഷ്മി. ശിവാഗ് പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിലെ മൂന്നാം ക്ലാസുകാരനും. ആഫ്രിക്കയിലെ കോംഗോയില്‍ ബഹുരാഷ്ട്ര കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ കുമളി അമരാവതി കിഴക്കേകുറിയിടത്ത് കെ.ജി.

ഓമനക്കുട്ടന്റെയും കമ്ബ്യൂട്ടര്‍ എന്‍ജിനിയറായ കവിതയുടെയും മക്കളാണ്.

ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇടവേളകളില്‍ മൊബൈല്‍ ഫോണുമെടുത്ത് ഇരുവരും കോട്ടയം മാങ്ങാനത്തുള്ള വീടിന്റെ തൊടിയിലേക്കിറങ്ങും.പൂക്കളും ചെടികളും പ്രാണികളും പക്ഷിയുമെല്ലാം അങ്ങനെ ഇവരുടെ കാമറക്കണ്ണ് ഒപ്പിയെടുക്കും. വീട്ടിലുള്ള ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ളവയും ചിത്രീകരിക്കും. തുടര്‍ന്ന് കമ്ബ്യൂട്ടറില്‍ പകര്‍ത്തി ഫോട്ടോകളുടെ മികവ് പരിശോധിക്കും.

 സ്വന്തം വെബ്സൈറ്റ്

മക്കളുടെ ചിത്രശേഖരം കൂടിയതോടെ മാതാപിതാക്കളാണ് www.kidsownpic.com എന്ന വെബ് സൈറ്റ് തയ്യാറാക്കി നല്‍കിയത്. അതോടെ ചിത്രമെടുപ്പും സൈറ്റില്‍ അപ്‌ലോഡുമായി ഇരുവരും തിരക്കിലുമായി. ഒരു മാസത്തിനകം 2,500 ലധികം ചിത്രങ്ങളാണ് സൈറ്റിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5,000 ലേറെപ്പേരാണ് ഇത് കണ്ടത്. ഇതിനൊപ്പം പലഹാരങ്ങളും പാനീയങ്ങളും തയ്യാറാക്കുന്ന വീഡിയോയും ലക്ഷ്‌മി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi