കോടിക്കുളം: പഞ്ചായത്തിലെ ചെരിയമ്പാറ അംഗനവാടിക്ക് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും ഇപ്പോഴും പ്രവർത്തനം വാടകകെട്ടിടത്തില്‍.
വർഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഭാരിച്ച വാടക ഒഴിവാക്കുന്നതിനുമായിരുന്നു ഇളംദേശം ബ്ലോക്ക് പഞ്ചായത്തും കോടിക്കുളം ഗ്രാമ പഞ്ചായത്തും ചേർന്ന് സംയുക്തമായി രണ്ടര ലക്ഷത്തോളം രൂപമുടക്കി ചെരിയമ്പാറയില്‍ 5സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി അംഗനവാടി കെട്ടിടം പണിയുകയുമായിരുന്നു
എന്നാല്‍ പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള അംഗനവാടി കെട്ടിടത്തിന് ചുറ്റുമതില്‍ പോലും നിർമ്മിക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അംഗനവാടിയുടെ ഉദ്ഘാടനം 2025 ഒക്ടോബർ മാസത്തില്‍ നടത്തുകയായിരന്നു. നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തി ജനങ്ങളുടെ ശക്തമായ എതിർപ്പു ഉയർന്നതിനെ തുടർന്ന് പഞ്ചായത്തില്‍ നിന്നും ചുറ്റുമതിലും റീട്ടെയിനിംഗ് ഭിത്തി പണിയുന്നതിനുമായി 7 ലക്ഷം രൂപ അനുവദിച്ച് പണികള്‍ മാർച്ചില്‍ പൂർത്തീകരിക്കുകയായിരുന്നു. പുതിയ അദ്ധ്യയാന വർഷത്തില്‍ നിർമ്മാണം പൂർത്തിയായ കെട്ടിടത്തില്‍ അംഗനവാടി പ്രവർത്തിക്കും എന്ന് പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രതിക്ഷയ്ക്ക് വിരുദ്ധമായി പഴയ വാടക കെട്ടിടത്തില്‍ തന്നെയാണ് ഇത്തവണയും പ്രവേശനോത്സവം നടത്തിയത്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ, ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച ഉണ്ടായതായാണ് ആരോപണം.
''കെട്ടിടത്തിലേക്ക് വൈദ്യുതി,കുടിവെള്ള കണക്ഷനുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട വൈദ്യുതി, ജലവകുപ്പുകളില്‍ നല്‍കിയിട്ടുള്ളതാണ്. ഇനിയും കാലതാമസം വരുത്താതെ കണക്ഷനുകള്‍ ഉടനടി ലഭ്യമാക്കണം. ഈ മാസംതന്നെ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു '' വാർഡ് മെമ്പർ, ടോമി ജേക്കബ്

