Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തദ്ദേശ തിരഞ്ഞെടുപ്പ്  ഡിസംബര്‍ 7ന് ശേഷം,​  തീയതി ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ പ്രഖ്യാപിച്ചേക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് ശേഷം,​ തീയതി ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് ശേഷം രണ്ട് ഘട്ടമായി നടക്കാന്‍ സാദ്ധ്യത. തീയതി അടുത്ത മന്ത്രിസഭായോഗത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്‌ചയോ പ്രഖ്യാപിച്ചേക്കും.

ഡിസംബര്‍ 15ന് മുമ്ബ് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന വിധത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് എത്രഘട്ടമായി നടത്തണമെന്ന് തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡി.ജി.പിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും.

നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍, പുതിയ ഭരണസമിതികള്‍ വരുന്നതുവരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ക്കാണ് ചുമതല.

ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളിലും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള ഘടന തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍ തയ്യാറാക്കി സര്‍ക്കാരിന് കൈമാറി. ജില്ലാ പഞ്ചായത്തില്‍ അദ്ധ്യക്ഷനായി കളക്ടറും, പഞ്ചായത്ത് സെക്രട്ടറിയും , ഗ്രാമവികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് കമ്മിറ്റി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലും. തദ്ദേശ എന്‍ജിനിയറിംഗ് ,കൃഷി ഉദ്യോഗസ്ഥര്‍ അംഗങ്ങളാകും. കോര്‍പറേഷനില്‍ കളക്ടര്‍ അദ്ധ്യക്ഷനും കോര്‍പറേഷന്‍ സെക്രട്ടറിയും എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനും അടങ്ങിയ കമ്മിറ്റിയും മുനിസിപ്പാലിറ്റിയില്‍ സെക്രട്ടറി, എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ കമ്മിറ്റിയും.

കൊവിഡ്: പ്രത്യേക സമിതി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ആരോഗ്യ, കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് പുറമേയാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi