Dailyhunt
താണിശേരി തല്ലിന് നൂറു വയസ്സ്, ഓര്‍മ്മകള്‍ മങ്ങാതെ മേനേത്ത് വീട്

താണിശേരി തല്ലിന് നൂറു വയസ്സ്, ഓര്‍മ്മകള്‍ മങ്ങാതെ മേനേത്ത് വീട്

താണിശ്ശേരി: ഈ മുച്ചാണ്‍ കുറുവടിയില്‍ മുഴങ്ങുന്നത് ചരിത്രമാണ്. 'പത്തും പുലയും' എല്ലാവര്‍ക്കും ആകാമെന്ന ശ്രീനാരായണ ഗുരുവേദന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ യാഥാസ്ഥിതികര്‍ക്കു നേരെ ഓങ്ങിവീശിയ മുച്ചാണ്‍ വടിയില്‍ പിറന്ന താണിശ്ശേലി തല്ലിന് ഇന്നലെ നൂറ്റാണ്ടു തികഞ്ഞു. പക്ഷേ, അന്നത്തെ തല്ലിനു മുന്‍നിരയില്‍ നിന്ന മേനേത്ത് ഐപ്പുണ്ണിയുടെ വീട്ടില്‍ മുച്ചാണ്‍ വടിയുടെ ചരിത്രത്തിന് തീരെ തെളിച്ചക്കുറവില്ല. ഐപ്പുണ്ണിയുടെ പേരമകന്‍ അഡ്വ. എം.കെ. അശോക് ബാബുവിന് വയസ്സ് 76 പിന്നിട്ടെങ്കിലും പഴയ വടി കൈയിലെടുക്കുമ്ബോള്‍ ഓര്‍മ്മകളില്‍ താണിശ്ശേരി തല്ലിന്റെ വീര്യം വീശിനിറയും.

പത്തും പുലയും ആചരിക്കാനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായിരുന്ന പഴയ കാലം.

ജാതിയില്‍ നീചത്വം കല്പിക്കപ്പെട്ടിരുന്നവര്‍ക്ക് പുല ആചരിക്കാന്‍ 16 മുതല്‍ 64 വരെ ദിവസം. ഇതു ചോദ്യം ചെയ്താണ് പത്തും പുലയും ബ്രാഹ്മണര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ആകാമെന്ന ഗുരുവചനം. അപ്പോഴാണ് താണിശ്ശേരി മേനേത്ത് കുടുംബത്തില്‍ കൊച്ചുകൃഷ്ണന്‍ കാരണവരുടെ മരണം.

ഗുരുദേവന്റെ സന്യസ്ത ശിഷ്യനായ സ്വാമി ബോധാനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മേനേത്ത് ഐപ്പുണ്ണി പറ‌ഞ്ഞതനുസരിച്ച്‌ പത്തും പുലയും ആചരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. തടയാനെത്തിയ യാഥാസ്ഥിതികരെ ധര്‍മ്മഭട സംഘത്തിന്റെ കരുത്തില്‍ മുച്ചാണ്‍ വടികൊണ്ട് മുന്നില്‍ നിന്നു നേരിട്ടത് ബോധാനന്ദയും ഐപ്പുണ്ണിയും ഒരുമിച്ച്‌! മലയാള വര്‍ഷം 1095 തുലാം 27 ആയിരുന്നു അന്ന്.

കീഴ്ത്താണി, താണിശ്ശേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നെത്തിയ യാഥാസ്ഥിതികര്‍ തല്ലിന്റെ ചൂടറിഞ്ഞ് നെട്ടോട്ടമായി. പത്തും പുലയും ആചരിക്കാന്‍ താണിശ്ശേരി തല്ലോടെ ഈഴവ സമുദായത്തിന് അവസ​രവും വന്നു. എസ്.എന്‍.ഡി.പി യോഗം ഇരിങ്ങാലക്കുട യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിനാണ് താണിശ്ശേരി തല്ലിന്റെ നൂറാം വാര്‍ഷികാഘോഷം.

പത്തും പുലയും

പരേതരുടെ കുടുംബാംഗങ്ങള്‍ ആചരിക്കുന്ന ചടങ്ങുകളാണ് പുല നൂറു വര്‍ഷം മുമ്ബു വരെ ബ്രാഹ്മണര്‍ക്കു മാത്രമേ പത്തു ദിവസത്തെ പുലയും പതിനൊന്നാം നാള്‍ പുണ്യാഹം തളിച്ചുള്ള ശുദ്ധിയും വിധിച്ചിരുന്നുള്ളൂ. ഈഴവ, നായര്‍ സമുദായക്കാര്‍ക്ക് 16, പുലയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 32, മറ്റുള്ളവര്‍ക്ക് 64 ദിവസം വീതമാണ് പുല ആചരണത്തിന് വിധിച്ചിരുന്നത്. അതു മാറ്റി പത്തും പുലയും ആചരിക്കാന്‍ എല്ലാവര്‍ക്കും അവകാശം കൈവന്നത് താണിശ്ശേരി തല്ലോടെയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi