ന്യൂഡല്‍ഹി: ഫ്രഞ്ച് വ്യോമസേനയില്‍നിന്ന് വിരമിച്ച മിറാഷ് 2000 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പുതിയ ദൗത്യം. 24 മിറാഷ് 2000 വിമാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യയിലെ മിറാഷ് വിമാനങ്ങള്‍ക്ക് പുതുജീവൻ നല്‍കാനാണ് വ്യോമസേനയുടെ നീക്കം.
യുദ്ധസജ്ജമായിരിക്കുന്നതിനുള്ള പ്രായോഗിക നടപടിയുടെ ഭാഗമായി ഫ്രാൻസുമായി 27 ദശലക്ഷം യൂറോയുടെ ഇടപാടിനാണൊരുങ്ങുന്നത്. 24 വിമാനങ്ങളില്‍ 13 എണ്ണം അറ്റകുറ്റപ്പണികള്‍ക്കുശേഷം പറത്താവുന്ന നിലയിലാക്കും. 11 എണ്ണം സ്‌പെയർപാർട്സിനായി ഉപയോഗിക്കും. ഇതിനായുള്ള പദ്ധതി രൂപരേഖ പ്രതിരോധമന്ത്രാലയത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്. പ്രവർത്തനക്ഷമമായ ഇന്ത്യൻ മിറാഷുകളുടെ ആയുസും ലഭ്യതയും ഉറപ്പാക്കാനുള്ള തന്ത്രപരമായ ഇടപെടലായാണ് പദ്ധതിയെ വിലയിരുത്തുന്നത്. സ്‌പെയർപാർട്സ് ലഭ്യത മെച്ചപ്പെടുത്തുന്നത് വിമാനങ്ങളുടെ പ്രവർത്തനക്ഷമത കൂട്ടും. എന്നാല്‍ സ്‌ക്വാഡ്രണ്‍ കുറവ് പരിഹരിക്കാൻ പുതിയ വിമാനങ്ങളുടെ ഉത്പാദനവും ഉള്‍പ്പെടുത്തലും അനിവാര്യമാണ്.
മിറാഷ് സേവനം
നീട്ടുക ലക്ഷ്യം
1985 മുതല്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ മിറാഷ് 2000 കാർഗില്‍ യുദ്ധത്തിലും 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിർണായക പങ്കുവഹിച്ചു. ആധുനിക റഡാറും ഏവിയോണിക്സും ഉള്‍പ്പെടുത്തി നവീകരിച്ച വിമാനങ്ങളുടെ സേവനകാലാവധി 2038-39 വരെ നീട്ടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
42 യുദ്ധവിമാന സ്‌ക്വാഡ്രണുകളാണ് വ്യോമസേനയുടെ ശേഷി. എന്നാല്‍ നിലവില്‍ 28 എണ്ണമാണുള്ളത്. മിഗ്21 വിമാനങ്ങള്‍ പിന്മാറുകയും തേജസ് എം.കെ1 എ, എം.കെ2, എ.എം.സി.എ പദ്ധതികള്‍ പൂർണമായി നടപ്പാക്കാൻ സമയമെടുക്കുകയും ചെയ്യുന്നതിനാല്‍ മിറാഷുകളെ നിലനിറുത്തുക നിർണായകമാണ്.
ജാഗ്വാറിലും ഇതേ പരീക്ഷണം: ഫ്രാൻസ്, ഒമാൻ, ബ്രിട്ടൻ എന്നിവിടങ്ങളില്‍നിന്ന് വിരമിച്ച ജാഗ്വാർ വിമാനങ്ങളും ഘടകങ്ങളും ഇന്ത്യ മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.
കാനിബലൈസേഷൻ
വിമാനം അഴിച്ചെടുത്ത് അതിലെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍ മറ്റൊരു വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കുന്ന കാനിബലൈസേഷൻ രീതിയാണ് ഇന്ത്യ നടപ്പാക്കുന്നത്. ഇത് പുതിയ ഘടകങ്ങള്‍ വാങ്ങാനുള്ള ചെലവും കാത്തിരിപ്പും കുറയ്ക്കും.

