അടൂർ : അടൂർ നഗരസഭ പരിധിയിലുള്ള മൂന്നാളം എല്‍.പി സ്കൂള്‍ - കൊട്ടുച്ചിറപ്പടി റോഡ് തരിപ്പണമായി. കരാറുകാരന്റെ മെല്ലെപ്പോക്കാണ് നിർമ്മാണ ഇഴയാൻ കാരണമെന്നാണ് വാർഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നത്.
എട്ടു ലക്ഷം രൂപയ്ക്കാണ് റോഡ് നവീകരണത്തിന്റെ ടെൻഡർ എടുത്തിരിക്കുന്നത്. പലതവണ നഗരസഭ അധികൃതർ നോട്ടീസ് അയച്ചിട്ടും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോള്‍ പേരിന് ടാറും മെറ്റിലും റോഡില്‍ ഇറക്കി ഇടുക മാത്രമാണ് കരാറുകാരൻ ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് റോഡ് വൃത്തിയാക്കുന്നുമുണ്ട്. അടൂർ ബൈപ്പാസ് - മണക്കാല റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മൂന്നോളം എല്‍.പി സ്കൂളും അങ്കണവാടിയും സ്വകാര്യ പ്ലെ സ്കൂളും ഈ റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ദിവസേന നൂറ് കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡായിട്ടും നവീകരണ പ്രവർത്തനങ്ങള്‍ പൂർത്തീകരിക്കാൻ നഗരസഭ അധികൃതർ ഇടപെടുന്നില്ലെന്ന് മൂന്നാളം വാർഡ് കൗണ്‍സിലർ രൂപേഷ് അടൂർ പറഞ്ഞു. അടുത്തിടെ നടന്ന കൗണ്‍സില്‍ യോഗത്തിലും ഇത് സംബന്ധിച്ച് ചർച്ചകള്‍ നടന്നിരുന്നു. നഗരസഭ പരിധിയില്‍ ടെൻഡർ ഏറ്റെടുത്തിട്ട് ഒരു വർഷമായിട്ടും പണി പൂർത്തീകരിക്കാത്ത നിരവധി റോഡുകള്‍ ഉണ്ട്.
...................................
"നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. 5ന് മുൻപ് റോഡ് പണി തുടങ്ങാൻ തയാറായില്ലെങ്കില്‍ നഗരസഭ ഓഫീസിനു മുന്നില്‍ സത്യഗ്രഹം ആരംഭിക്കും.
രൂപേഷ് അടൂർ
(അടൂർ നഗരസഭ കൗണ്‍സിലർ)
............................
30ന് മുൻപ് ഈ റോഡ് ഉള്‍പ്പെടെ നഗരസഭ പരിധിയില്‍ ടെൻഡർ എടുത്ത് പണി പൂർത്തിയാകാത്ത റോഡുകള്‍ പൂർത്തീകരിക്കണമെന്ന് കരാറുകാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്."
റീന ശാമുവേല്‍
(അടൂർ നഗസഭ ചെയർപേഴ്സണ്‍)
..............................................................
പരാതിയുമായി നാട്ടുകാർ
ടെൻഡർ എടുത്തത് 8 ലക്ഷത്തിന്

