Dailyhunt
തര്‍ക്കം തീര്‍ന്നില്ല:  നിര്‍ത്തിവച്ച ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി

തര്‍ക്കം തീര്‍ന്നില്ല: നിര്‍ത്തിവച്ച ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി

ആലുവ: ഒരു വിഭാഗം പ്രതിനിധികളുടെ പ്രതിഷേധവും എതിര്‍പ്പും അവഗണിച്ച്‌ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സി.പി.എമ്മിന്റെ രണ്ട് ലോക്കല്‍ സമ്മേളനങ്ങളും ജില്ലാ-സംസ്ഥാന നേതൃത്വം ഇടപെട്ട് പൂര്‍ത്തിയാക്കി.

ആലുവ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കടുങ്ങല്ലൂര്‍ വെസ്റ്റ്, എടത്തല വെസ്റ്റ് ലോക്കല്‍ സമ്മേളനങ്ങളാണ് പൂര്‍ത്തിയാക്കിയത്.

എടത്തല വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച അഞ്ച് പേരില്‍ ഒരാളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതേതുടര്‍ന്ന് 11 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നിലവില്‍ സെക്രട്ടറിയായിരുന്ന പി. മോഹനന്‍ ഒഴിവായി. സെക്രട്ടറിയായി വി. സെയ്തുമുഹമ്മദിനെ തിരഞ്ഞെടുത്തു. എല്‍.സിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട റഷീദിന്റെ ഭാര്യ ജിനില റഷീദിനെയാണ് പുതിയതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ തീരുമാനം ഒരു വിഭാഗം പ്രതിനിധികള്‍ അംഗീകരിച്ചിട്ടില്ല. ചിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് പറയപ്പെടുന്നത്. ജില്ലാ സെക്രട്ടറിയേറ്റംഗം എം.സി. സുരേന്ദ്രന്‍, ഏരിയ സെക്രട്ടറി എ.പി. ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

കടുങ്ങല്ലൂര്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 13 അംഗ പാനല്‍ രണ്ടാമത് നടന്ന സമ്മേളനത്തിലും അവതരിപ്പിച്ച്‌ അംഗീകാരം നേടുകയായിരുന്നു. ഒഴിവാക്കപ്പെട്ട മൂന്ന് പേരില്‍ ഒരാളുടെ പേര് വീണ്ടും ഉയര്‍ന്നെങ്കിലും വോട്ടെടുപ്പിലേക്ക് പോകാനാകില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പങ്കെടുത്ത കെ. ചന്ദ്രന്‍പിള്ള കര്‍ശന നിലപാട് സ്വീകരിച്ചു. ഇതോടെ മത്സരം ഒഴിവായി. സെക്രട്ടറിയായി പി.കെ. തിലകനെ വീണ്ടും തിരഞ്ഞെടുത്തു.

ഏരിയ സമ്മേളനം 20,21,25 തീയതികളില്‍

എടത്തല രാജീവ് ഗാന്ധി സഹകരണ ഹാളില്‍ നിശ്ചയിച്ച ഏരിയ സമ്മേളന തീയതികളില്‍ വീണ്ടും മാറ്റം. പ്രതിനിധി സമ്മേളനങ്ങള്‍ 20,21 തീയതികളിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിശ്ചയപ്രകാരം 25ന് വൈകിട്ട് മൂന്നിനാണ്. 20ന് സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ. മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, പി.എം. ഇസ്മയില്‍ എന്നിവര്‍ സംബന്ധിക്കും.

ഏരിയയിലെ കടുങ്ങല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളിലെ പ്രതിനിധികള്‍ 25ന് വൈകിട്ട് നാലിന് കളമശേരി ഏരിയിലെ തിരഞ്ഞെടുപ്പിലാണ് പങ്കെടുക്കേണ്ടത്. നെടുമ്ബാശേരിയുടെ ഭാഗമായിരുന്ന നെടുമ്ബാശേരി, ചെങ്ങമനാട്, കന്നുകര, കാലടിയുടെ ഭാഗമായിരുന്ന ശ്രീമൂലനഗരം കമ്മിറ്റികളിലെ പ്രതിനിധികള്‍ 25ന് ആലുവയിലെ കമ്മിറ്റി തിരഞ്ഞെടുപ്പ് മുതലുള്ള അജണ്ടകളില്‍ പങ്കാളികളാകണം. നിലവിലുള്ള സെക്രട്ടറി എ.പി. ഉദയകുമാറിന് ഒരു വട്ടം കൂടി അവസരം നല്‍കണമെന്ന ആവശ്യം പാര്‍ട്ടി അണികളില്‍ ശക്തമായുണ്ട്. എന്നാല്‍ സെക്രട്ടറി സ്ഥാനം കണ്ണുവച്ച്‌ പ്രവര്‍ത്തിക്കുന്ന ചിലരുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi