Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തേങ്ങയെല്ലാം കുരങ്ങുകള്‍ കൊണ്ടുപോകുന്നു; കണ്ണീരോടെ കര്‍ഷകര്‍

തേങ്ങയെല്ലാം കുരങ്ങുകള്‍ കൊണ്ടുപോകുന്നു; കണ്ണീരോടെ കര്‍ഷകര്‍

ണിച്ചാർ: മലയോര മേഖലകളില്‍ കുരങ്ങുശല്യം അതിരൂക്ഷമായതോടെ തെങ്ങ് കർഷകർ വലിയ പ്രതിസന്ധിയില്‍. കണിച്ചാർ പഞ്ചായത്തിലെ നിടുംപുറംചാല്‍ മേഖലയിലാണ് കുരങ്ങ് ശല്യം കാരണം നാളികേര കൃഷി പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്.

വിളഞ്ഞു തുടങ്ങുന്ന തേങ്ങയും ഇളനീരും മച്ചിങ്ങയും കുരങ്ങുകള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതുമൂലം സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്ന് ഒരു തേങ്ങ പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ.

കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ ഇളനീരുകള്‍ കുടിച്ചുതീർത്ത ശേഷം ബാക്കിയുള്ളവ മുറിച്ച്‌ താഴെയിട്ട് നശിപ്പിക്കുകയാണ്. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മെച്ചപ്പെട്ട വില ലഭിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് വലിയ ആശ്വാസമാണുണ്ടായത്. എന്നാല്‍ വാനരപ്പട തോട്ടം കൈയടക്കി തേങ്ങകള്‍ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.

മാസം തോറും ആയിരക്കണക്കിന് രൂപയുടെ വരുമാനമാണ് ഓരോ കുടുംബത്തിനും ഇപ്പോള്‍ നഷ്ടപ്പെടുന്നത്.

കൃഷി ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല

വളവും വെള്ളവും നല്‍കി സംരക്ഷിക്കുന്ന തെങ്ങുകളില്‍ നിന്ന് യാതൊരു ആദായവും ലഭിക്കുന്നില്ലെന്ന് കർഷകർ വേവലാതിയോടെ പറയുന്നു. വനംവകുപ്പും ജനപ്രതിനിധികളും വിഷയത്തില്‍ ഉടനടി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനും ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും അടിന്തര നടപടി വേണമെന്നും അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കുയല്ലാതെ മറ്റ് മാർഗമില്ലെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പലവട്ടം ഇക്കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi