Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തെരുവ് കീഴടക്കി നായ്ക്കള്‍  എങ്ങുമെത്താതെ എ.ബി.സി സെന്റര്‍ നിര്‍മ്മാണം

തൊടുപുഴ: നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഈ വർഷം ഇതുവരെ 3378 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്.

ഓരോ ദിവസവും കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ മാസം ഇതുവരെ 167 പേർക്കാണ് കടിയേറ്റത്. ഇന്നലെ മാത്രം ഒമ്പത് പേർ‌ക്ക് കടിയേറ്റു. അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം രാത്രികാലങ്ങളില്‍ രെരുവുകള്‍ കീഴടക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. മുമ്പ് നഗരപ്രദേശങ്ങളില്‍ മാത്രമായിരുന്നു ഈ പ്രതിഭാസമെങ്കിലും ഇപ്പോള്‍ ഗ്രാമങ്ങളും ഇവ കൈയടക്കി കഴിഞ്ഞു. രാത്രികാലങ്ങളില്‍ നിരത്തുകളും കടത്തിണ്ണകളും കീഴടക്കിയിരുന്ന നായ്ക്കള്‍ പലപ്പോഴും വളർത്തുമൃഗങ്ങളെയും ആക്രമിക്കാറുണ്ട്. എന്നാല്‍ ശല്യം വർദ്ധിക്കുമ്പോഴും സംസ്ഥാനത്ത് എ.ബി.സി സെന്റർ (വന്ധ്യംകരണ കേന്ദ്രം) ഇല്ലാത്ത ഏക ജില്ലയെന്ന ചീത്തപ്പേര് മാറ്റാൻ അധികൃതർക്കൊട്ടും താത്പര്യമില്ല. എ.ബി.സി സെന്റർ നിർമ്മാണത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് കെട്ടിടം നിർമ്മാണം പുരോഗമിക്കുകയാണെങ്കിലും ഉദ്ഘാടനം എന്നാണെന്നതില്‍ മാത്രം യാതൊരു നിശ്ചയവുമില്ല. നിലവില്‍ കെട്ടിടത്തിന്റെ ഒരു നില പൂർത്തീകരിച്ച്‌ മുകള്‍ നിലയിലും നിർമ്മാണം ആരംഭിച്ചതാണെങ്കിലും ഇതുവരെയും പണി പൂർത്തീകരിച്ചിട്ടില്ല. വിഷയത്തില്‍ നിർമ്മാണം പുരോഗമിക്കുകയാണെന്ന പതിവ് വിശദീകരണമാണ് അധികൃതരുടെ പ്രതികരണമെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ലെന്നതാണ് യാഥാർത്ഥ്യം. പൈനാവ് കുയിലിമലയില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്ത് ആധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് തയാറാക്കുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വാഹനത്തില്‍ എ.ബി.സി സെന്ററില്‍ എത്തിച്ചു വന്ധ്യംകരണം നടത്തി പരിപാലിച്ച ശേഷം തിരികെ അതേ സ്ഥലത്ത് തുറന്നുവിടുകയാണ് ചെയ്യുക.

ഫണ്ടില്ലാത്തത്

പ്രതിസന്ധി

മൂന്നരക്കോടി രൂപയ്ക്ക് സെന്റർ നിർമാണം പൂർത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ എട്ട് ലക്ഷം രൂപയും പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം രൂപയുമെന്ന ക്രമത്തിലാണ് ഫണ്ട് ജില്ലാ പഞ്ചായത്തിന് കൈമാറേണ്ടത്. പല തദ്ദേശസ്ഥാപനങ്ങളും പണം കൈമാറാൻ വൈകുന്നതും പ്രതിസന്ധിയാണ്. നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളില്‍ ഷെല്‍റ്റർ ഹോം (അഭയകേന്ദ്രങ്ങള്‍) സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi