Tuesday, 24 Nov, 1.50 am കേരളകൗമുദി

പ്രാദേശികം
തിരഞ്ഞെടുപ്പ് കാലം 'പച്ചപിടിക്കും'

തൃശൂര്‍: ഹരിത ചട്ടം പാലിച്ചുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്ലാം പരിസ്ഥിതി സൗഹാര്‍ദ്ദമായി ആസൂത്രണം ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിടത്തോളം പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം.

പ്ലാസ്റ്റിക് ബാനറുകള്‍, കൊടിതോരണങ്ങള്‍, കുപ്പിവെള്ളം, ഡിസ്‌പോസിബിള്‍ കപ്പുകള്‍, നിരോധിത പ്ലാസ്റ്റിക് കവറുകള്‍ എന്നിവയെല്ലാം ഒഴിവാക്കേണ്ട ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ക്ക് നിരോധനമുണ്ട്. കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയും പേപ്പറും ഉള്‍പ്പെടുന്ന മീഡിയം ഉപയോഗിച്ച്‌ പ്രിന്റ് ചെയ്യുന്ന ബോര്‍ഡുകള്‍ എന്നിവ ഇതിന് പകരമായി ഉപയോഗിക്കണം.

പനമ്ബായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കളും ഉപയോഗിക്കാം. പ്രത്യേക അനുമതിയുള്ള സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാം. കൊടികളും തോരണങ്ങളും നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക് കലര്‍ന്ന തുണി ഒഴിവാക്കണം. നോണ്‍വൂവല്‍ പോളിപ്രൊപ്പലിന്‍ എന്ന വസ്തു പ്ലാസ്റ്റിക്കാണ്. കണ്ടാല്‍ തുണിപോലെ തോന്നുമെങ്കിലും അവയും നിരോധിച്ചിട്ടുണ്ട്.

  • പഞ്ചായത്തുകളിലും നഗരസഭകളിലുമായി നിലവിലുള്ളത്: 21,900 വാര്‍ഡുകള്‍
  • വാര്‍ഡുകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകാവുന്ന മാലിന്യം: 5776 ടണ്‍

പെരുമാറ്റച്ചട്ടം: അറ്റകുറ്റപണികള്‍ക്ക് തടസമില്ല

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. സര്‍ക്കാരിന്റേയോ, തദ്ദേശ സ്ഥാപനങ്ങളുടേയോ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ ഈ കാലയളവില്‍ നടത്താം. ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപണി ചെയ്യാം. കോളേജ് യൂണിയനുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്താം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമനവും സ്ഥലമാറ്റവും നടത്തുന്നതില്‍ തടസമില്ല.

മറ്റ് ഇളവുകള്‍:

  • പള്‍സ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണം നടത്താം.
  • കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ ആശ്രിത നിയമനച്ചട്ടപ്രകാരമുള്ള നിയമനം നടത്താം.
  • ഒരു ഉദ്യോഗസ്ഥന് മറ്റൊരുദ്യോഗസ്ഥന്റെ അധിക ചുമതല നല്‍കാം.
  • വരള്‍ച്ച, വെള്ളപ്പൊക്കം, കൊവിഡ് എന്നിവ നേരിടുന്നതിനായി ദേശീയ പ്രകൃതിദുരന്ത ഫണ്ടിന്‍്റെ സാമ്ബത്തിക സഹായം തേടാം.
  • ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കാം.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top