തിരുവല്ല : ഏറെക്കാലമായി കാടുവളര്‍ന്ന് ഇഴജന്തുശല്യം രൂക്ഷമായ തിരുവല്ല നഗരസഭ സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിക്കുന്ന പണികള്‍ ആരംഭിച്ചു.
അടുത്ത ആഴ്ച ആരംഭിക്കുന്ന ലീഗ് മത്സരങ്ങളുടെ ഭാഗമായി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിക്കുന്നത്. മൈതാനത്തും പവലിയനിലുമായി വളര്‍ന്നുനില്‍ക്കുന്ന കാടും ചെടികളുമാണ് നീക്കുന്നത്. കാട് വളര്‍ന്നതോടെ മൈതാനത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കായിക പരിശീലകരും ഇതുകാരണം വിഷമത്തിലായിരുന്നു. പവലിയനിലടക്കം കാട് വളര്‍ന്നതോടെ ഇഴജന്തുക്കളുടെ ശല്യം വര്‍ദ്ധിച്ചത് കായികപ്രേമികള്‍ക്കും പ്രഭാത സവാരിക്കാര്‍ക്കും ഭീഷണി സൃഷ്ടിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും ദുരിതങ്ങളും മറ്റുമായി സ്റ്റേഡിയം ഏറെക്കാലമായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ റെജിനോള്‍ഡ് വര്‍ഗീസ്, ജോസ് പഴയിടം, പ്രദീപ് മാമ്മന്‍ മാത്യു, ശ്രീനിവാസ് പുറയാറ്റ്, അനു ജോര്‍ജ് , ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ സാജന്‍ കെ.വര്‍ഗീസ്, സതീഷ് ചന്ദ്രന്‍, പ്രമോദ് ഇളമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
1. മൈതാനത്തും പവലിയനിലും കാട്
2. കായിക പരിശീലനവും പ്രഭാത സവാരിയും മുടങ്ങി
3. വെള്ളക്കെട്ടും ഇഴജന്തുക്കളുടെ ശല്യവും
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.
ക്രിക്കറ്റ് അസോ. ഭാരവാഹികള്‍

