തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ ആയിരിക്കെ അന്തരിച്ച തോമസ് ചാണ്ടിക്ക് ഇന്നലെ നിയമസഭ ചരമോപചാരമര്‍പ്പിച്ചു. മികച്ച സാമൂഹ്യപ്രവര്‍ത്തകനും കഴിവുറ്റ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി എന്ന് ചരമോപചാരപ്രമേയം അവതരിപ്പിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു.
കുവൈത്ത് യുദ്ധസമയത്ത് ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ വിവിധ അധികാരകേന്ദ്രങ്ങളിലെത്തിച്ച് പരിഹാരം കാണാന്‍ അദ്ദേഹം നിസ്തുലമായ പങ്കാണ് വഹിച്ചത്.
രാഷ്ട്രീയനേതാവ്, മന്ത്രി എന്നീ നിലകളില്‍ സ്വന്തം കഴിവ് തെളിയിച്ച വ്യക്തിയാണ് തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടനാടിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വിസ്മരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നുമില്ലായ്മയില്‍ നിന്ന് സ്വയം പരിശ്രമിച്ച് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച വ്യക്തിയാണ് തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് പി. തിലോത്തമന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ജെ. ജോസഫ്, മാത്യു ടി.തോമസ്, അനൂപ് ജേക്കബ്, ഒ. രാജഗോപാല്‍, കെ.ബി. ഗണേശ് കുമാര്‍, പി.സി. ജോര്‍ജ് എന്നിവരും ചാണ്ടിയെ അനുസ്മരിച്ചു. തുടര്‍ന്ന് അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി ഒരു നിമിഷം അംഗങ്ങള്‍ മൗനമാചരിച്ച് സഭ ഇന്നലത്തേക്ക് പിരിഞ്ഞു. ചാണ്ടിയുടെ ബന്ധുക്കള്‍ ചടങ്ങ് വീക്ഷിക്കാന്‍ വി.ഐ.പി ഗ്യാലറിയിലെത്തിയിരുന്നു.
