Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തോട്ടറ പുഞ്ചയ്ക്ക് വേണം സമഗ്ര വികസന പദ്ധതി

തോട്ടറ പുഞ്ചയ്ക്ക് വേണം സമഗ്ര വികസന പദ്ധതി

സ്പെഷ്യല്‍ കൃഷി ഓഫീസ് അനുവദിക്കണമെന്നാവശ്യം

തൃപ്പൂണിത്തുറ: ജില്ലയിലെ പ്രധാന നെല്‍പ്പാടശേഖരങ്ങളില്‍ ഒന്നായ തോട്ടറ പുഞ്ചയെ കാർഷികോത്പാദനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഗ്രാമീണ ടൂറിസത്തിന്റെയും മാതൃകാ കേന്ദ്രമാക്കി മാറ്റാൻ സമഗ്ര വികസന പദ്ധതി നടപ്പാക്കണമെന്ന് തോട്ടറ പുഞ്ച കർഷകസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വർഷംതോറും നെല്‍ക്കൃഷി നടക്കുന്ന പാടശേഖരം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജലനിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മകളും കാരണം പൂർണശേഷിയില്‍ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

തോട്ടറ പുഞ്ചയുടെ കാർഷിക പ്രാധാന്യം കണക്കിലെടുത്ത് സ്പെഷ്യല്‍ കൃഷി ഓഫീസും സ്പെഷ്യല്‍ കൃഷി ഓഫീസറെയും സർക്കാർ അനുവദിക്കണമെന്ന് തോട്ടറ പുഞ്ച കർഷക സമിതി പ്രസിഡന്റ് ടി.ആർ.ഗോവിന്ദൻ ആവശ്യപ്പെട്ടു. കർഷകർക്ക് സർക്കാർ പദ്ധതികള്‍, ശാസ്ത്രീയ കൃഷിരീതികള്‍, സാങ്കേതിക സഹായങ്ങള്‍ എന്നിവ സമയബന്ധിതമായി ലഭ്യമാക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടറ പുഞ്ചയില്‍ കേരള കാർഷിക സർവകലാശാലയുടെ സബ് സെന്റർ സ്ഥാപിക്കണമെന്ന് കർഷകസംഘം പ്രതിനിധി കെ.എ.ജയരാജ് ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍

പാടശേഖരത്തിലെ തോടുകളും കനാലുകളും ശാസ്ത്രീയമായി നവീകരിക്കണം

ഷട്ടറുകളും സ്ലൂയിസ് ഗേറ്റുകളും ആധുനികവത്കരിക്കണം

ബണ്ടുകള്‍ ബലപ്പെടുത്തണം

കൃഷിയന്ത്രങ്ങള്‍ക്ക് സഞ്ചരിക്കാൻ ഫാം റോഡുകള്‍ നിർമ്മിക്കണം

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കവും വേനല്‍ക്കാല ജലക്ഷാമവും നേരിടാൻ ശാസ്ത്രീയ ജലപരിപാലന സംവിധാനം നടപ്പാക്കണം

കൃഷിക്കാവശ്യമായ വൈദ്യുതി, പമ്പ് ഹൗസുകളുടെ നവീകരണം, യന്ത്രവത്കൃത കൃഷിക്കുള്ള സ്ഥിരംസംവിധാനങ്ങള്‍, കാർഷിക സേവനകേന്ദ്രം, വിത്ത് സംഭരണകേന്ദ്രം, കർഷക പരിശീലന കേന്ദ്രം എന്നിവ പദ്ധതിയുടെ ഭാഗമാക്കണം

തോട്ടറ പുഞ്ച റൈസ് ബ്രാൻഡിന്

പ്രത്യേക വിപണന ശൃംഖല ഒരുക്കണം

കൃഷിയോടൊപ്പം ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ബേർഡ് വാച്ചിംഗ് കേന്ദ്രങ്ങള്‍, പ്രകൃതി നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, വ്യൂ പോയിന്റുകള്‍, കാർഷിക അനുഭവകേന്ദ്രങ്ങള്‍, വിദ്യാർത്ഥികള്‍ക്കുള്ള പഠനയാത്രാ സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, 'തോട്ടറ പുഞ്ച റൈസ്' എന്ന ബ്രാൻഡിലൂടെ നെല്ലിനും അരിക്കും പ്രത്യേക വിപണന ശൃംഖല ഒരുക്കുക, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക, കർഷക ഉത്പാദക കമ്പനികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാക്കണമെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi