രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: മൂന്നാർ കന്നിമല എസ്റ്റേറ്റില്‍ പാഞ്ഞടുത്ത കാട്ടാനയില്‍ തോട്ടം തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്.
കന്നിമല ലോവർ ഡിവിഷൻ സ്വദേശിയായ പാണ്ടിരാജാണ് അത്ഭുതകരമായി കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു തോട്ടം മേഖലയെ ഭീതിയിലാഴ്ത്തിയ സംഭവം. പ്രദേശത്തെ തേയിലത്തോട്ടത്തിലേക്ക് രണ്ട് കാട്ടാനകള്‍ ഇറങ്ങുകയായിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന പാണ്ടിരാജിന്റെ നേർക്ക് ഇതിലൊരു ആന അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു.
ജീവൻ രക്ഷിക്കാനായി പാണ്ടിരാജ് സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു. തൊഴിലാളിയുടെ പിന്നാലെ കാട്ടാനയും കുറച്ചുദൂരം രോഷത്തോടെ പിന്തുടർന്നെങ്കിലും, സമയോചിതമായി ഓടിമാറിയതിനാല്‍ പാണ്ടിരാജ് പരിക്കേല്‍ക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. പാണ്ടിരോജിനെ കാട്ടാന ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യം വൈറലായിട്ടുണ്ട്. ജനവാസമേഖലയോടും എസ്റ്റേറ്റ് ലയങ്ങളോടും ചേർന്ന് നിരന്തരം കാട്ടാനകള്‍ ഇറങ്ങുന്നത് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. തൊഴിലാളികളുടെ ജീവന് സംരക്ഷണം നല്‍കാൻ വനംവകുപ്പ് ആർ.ആർ.ടി സംഘം പ്രദേശത്ത് കൂടുതല്‍ നിരീക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

