ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർത്ഥ പരാമർശത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍.
കേസില്‍ മുൻകൂർ ജാമ്യം തേടി ഉദയനിധി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഉച്ചഭക്ഷണത്തിനായി കോടതി പിരിയുന്നതിന് തൊട്ടുമുമ്പ് ഡിഎംകെ അഭിഭാഷകർ വിഷയം പരാമർശിച്ചപ്പോള്‍ ഉദയനിധിയെ അറസ്റ്റുചെയ്തിട്ടുണ്ട്. അതിനാല്‍ മുൻകൂർ ജാമ്യഹർജി നിലനില്‍ക്കില്ല എന്ന് എ.ജി അറിയിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ ഔദ്യോഗികമായി കോടതിയില്‍ സമ്മതിച്ചത്. അതേസമയം, കേസ് പിന്നീട് പരിഗണിച്ചപ്പോള്‍ ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എ.ജി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഉദയനിധിയെ വിട്ടയക്കാൻ സാദ്ധ്യതയുണ്ട്.
നീലാങ്കരയിലെ വീട്ടില്‍ നിന്നാണ് ഉദയനിധിയെ രാവിലെ കസ്റ്റഡിയിലെടുത്തത്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമല്‍രാജും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നടപടിക്കെതിരെ ഡിഎംകെ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിലൊന്നും വഴങ്ങാതെയായിരുന്നു പൊലീസ് നടപടി.
കാവേരി നദീജല തർക്ക വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയത്. കവേരി നദീജല തർക്കത്തില്‍ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.
കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ഉടനെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി തിരുത്തുകയും ചെയ്തു. പിന്നാലെ ഉദയനിധിയുടെ വാക്കുകള്‍ വലിയ വിവാദമാവുകയും വിമർശനങ്ങള്‍ക്കിടയാക്കുകയുമായിരുന്നു. ഇതോടെയാണ് പരാമർശത്തിനെതിരെ ടിവികെ പരാതി നല്‍കിയത്.

