കെ.സി.എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും ഏറ്റുമുട്ടും
ആദ്യ സെമിയില്‍ തൃശൂർ ട്രിവാൻഡ്രം റോയല്‍സിനെ കീഴടക്കി
രണ്ടാം സെമിയില്‍ കാലിക്കറ്റ് തോല്‍പ്പിച്ചത് ആലപ്പി റിപ്പിള്‍സിനെ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഫൈനലില്‍ തൃശൂർ ടൈറ്റാൻസും കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ തൃശൂർ ഒറ്റ വിക്കറ്റിന് ട്രിവാൻഡ്രം റോയല്‍സിനെ കീഴടക്കിയപ്പോള്‍ രണ്ടാം സെമിയില്‍ ആലപ്പി റിപ്പിള്‍സിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് തങ്ങളുടെ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്. ഇന്ന് രാത്രി എട്ടുമണിക്കാണ് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കുന്നത്.
റിപ്പിള്‍സിനും കപ്പിനും
ഇടയില്‍ കാലിക്കറ്റ്
രണ്ടാം സെമിഫൈനലില്‍ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെതിരെ വിജയിക്കാൻ 219 റണ്‍സ് വേണ്ടിയിരുന്ന ആലപ്പി റിപ്പിള്‍സ് 182/8 എന്ന സ്കോറിലാണ് ഒതുങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സിലെത്തിയത്. വരുണ്‍ നായനാർ (42 പന്തുകളില്‍ 59 റണ്‍സ്) , രോഹൻ കുന്നുമ്മല്‍ (27പന്തുകളില്‍ 45 റണ്‍സ്), അബ്ദുല്‍ ബാസിത് (24 പന്തുകളില്‍ 53) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കാലിക്കറ്റിനെ ഈ സ്കോറിലെത്തിച്ചത്.
ഓപ്പണിംഗില്‍ രോഹനും വരുണും ചേർന്ന് 8.1 ഓവറില്‍ കൂട്ടിച്ചേർത്ത 81 റണ്‍സാണ് കാലിക്കറ്റ് ഇന്നിംഗ്സിന് അടിത്തറയായത്. വരുണ്‍ പരിക്കേറ്റ് മടങ്ങുകയും രോഹന് പിന്നാലെ അഖില്‍ സ്കറിയ (4),ജോസ് പേരയില്‍ (5) എന്നിവരും പുറത്താവുകയും ചെയ്തതോടെ കാലിക്കറ്റ് 11 ഓവറില്‍ 97/3 എന്ന നിലയിലായിരുന്നു. എന്നാല്‍ ബാസിത്, കൃഷ്ണദേവൻ (24നോട്ടൗട്ട്), സല്‍മാൻ നിസാർ (19 നോട്ടൗട്ട്)എന്നിവരുടെ ബാറ്റിംഗ് ടീമിനെ 200 കടത്തി.
മറുപടിക്കിറങ്ങിയ ആലപ്പിക്ക് രണ്ടോവറില്‍ 12 റണ്‍സ് നേടുന്നതിനിടയില്‍ മുഹമ്മദ് അസ്ഹറുദ്ദീനേയും(4) ആകാശ് പിള്ളയേ(2)യും നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച നായകൻ സച്ചിൻ ബേബിയും (73), കെ.എ അരുണും (82) ചേർന്ന് 152 റണ്‍സടിച്ചുകൂട്ടിയപ്പോള്‍ വിജയപ്രതീക്ഷ തിരിച്ചെത്തിയതാണ്. പക്ഷേ 17-ാം ഓവറില്‍ ജോസ് പേരയില്‍ സച്ചിൻ ബേബിയേയും സിബിൻ ഗിരീഷിനേയും (0) അടുത്ത ഓവറില്‍ അഖില്‍ സ്കറിയ അക്ഷയ്‌യേയും അരുണിനെയും പുറത്താക്കിയതോടെ റിപ്പിള്‍സിന്റെ കളി പാളി.

