Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരിന് ഫൈനലാനന്ദം

തൃശൂരിന് ഫൈനലാനന്ദം

ദ്യ സെമിയില്‍ ട്രിവാൻഡ്രം റോയല്‍സിനെ ഒറ്റ വിക്കറ്റിന് തോല്‍പ്പിച്ച്‌ തൃശൂർ

അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി വിജയമൊരുക്കി ആനന്ദ് ജോസഫ്

തിരുവനന്തപുരം : അവസാന ഓവറില്‍ രണ്ട് സിക്സുകളും ഒരു ഫോറും പായിച്ച ആനന്ദ് ജോസഫിന്റെ അവിസ്മരണീയ ബാറ്റിംഗിലൂടെ കെ.സി.എല്ലില്‍ ആദ്യമായി ഫൈനലിലേക്ക് കാലെടുത്തുവച്ച്‌ തൃശൂർ ടൈറ്റാൻസ്. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഒരൊറ്റ പന്ത് ശേഷിക്കേ ഒറ്റ വിക്കറ്റിന് ട്രിവാൻഡ്രം റോയല്‍സിനെ മറികടന്നാണ് തൃശൂർ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേ‌ടിയിരുന്ന വിഷ്ണു വിനോദിനെ മൂന്നാം ഓവറില്‍ തന്നെ നഷ്ടമായത് ട്രിവാൻഡ്രത്തിനേറ്റ ആദ്യ പ്രഹരമായി.. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് വിഷ്ണു വിനോദ് (7) പുറത്തായത്. അടുത്ത ഓവറില്‍ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് ജോസഫ് തന്നെ മടക്കി. 28 റണ്‍സെടുത്ത അഭിഷേക് പി. നായർ ബിജു നാരായണന്റെ പന്തില്‍ പുറത്തായി. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. തുടർന്നെത്തിയ അക്ഷയ് മനോഹറുടെ ( 26 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റണ്‍സ്) ഇന്നിംഗ്സാണ് റോയല്‍സിനെ കരകയറ്റിയത്. 20 റണ്‍സെടുത്ത സിജോമോൻ ജോസഫ് ബിജു നാരായണന്റെ പന്തില്‍ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖില്‍( 28നോട്ടൗട്ട്) അക്ഷയ്ക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് 34 പന്തുകളില്‍ കൂട്ടിച്ചേർത്ത 70 റണ്‍സാണ് റോയല്‍സിനെ 163ല്‍ എത്തിച്ചത്. അവസാന രണ്ട് ഓവറില്‍ 38 റണ്‍സ് ഇരുവരും ചേർന്ന് നേടി . ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ടൈറ്റൻസിന് രണ്ടാം ഓവറില്‍ തന്നെ കെ. ആർ. രോഹിതിനെ (16) നഷ്ടമായി. അടുത്ത ഓവറില്‍ വിഷ്ണുരാജും(7) പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാനും (43) ഷോണ്‍ റോജറും (23) ചേർന്ന് 45 റണ്‍സും അഹമ്മദ് ഇമ്രാനും നിഖില്‍ തോട്ടത്തും ചേർന്ന് നാലാം വിക്കറ്റില്‍ 43 റണ്‍സും കൂട്ടിച്ചേർത്തു. എന്നാല്‍ 14-ാം ഓവറില്‍ അഹമ്മദ് ഇമ്രാന്റെ മടക്കം കൂട്ടത്തകർച്ചയുടെ തുടക്കമിട്ടു. അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ നിഖില്‍ തോട്ടത്തും (24) പുറത്തായി. ഷാരോണ്‍ സുരേഷ് മൂന്നും മുഹമ്മദ് ഇനാൻ ഒന്നും ബിജു നാരായണൻ പൂജ്യത്തിനും മടങ്ങി. മറുവശത്ത് മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ക്യാപ്ടൻ എം. എസ്. അഖില്‍ 19- ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. അവസാന ഓവർ തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് ശേഷിക്കെ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റണ്‍സാണ്. രണ്ടാം പന്തില്‍ സിംഗിള്‍ നേടി അബ്ദുള്‍ റമീസ് ആനന്ദ് ജോസഫിന് സ്ട്രൈക്ക് നല്‍കി. തുടർന്ന് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ്. തുടരെയുള്ള മൂന്ന് പന്തുകളില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ആനന്ദ് ടീമിന് ഫൈനലിലേക്കുള്ള വഴിയൊരുക്കി. മൂന്ന് പന്തുകളില്‍ നിന്ന് 16 റണ്‍സുമായി ആനന്ദ് പുറത്താകാതെ നിന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi