Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ത്യാഗസ്മരണയില്‍ ബലിപ്പെരുന്നാള്‍  ആഘോഷിച്ച്‌ വിശ്വാസികള്‍

ത്യാഗസ്മരണയില്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ച്‌ വിശ്വാസികള്‍

മാന്നാർ: പ്രവാചകനായ ഇബ്രാഹിമിന്റെ വാത്സല്യ പുത്രൻ ഇസ്മാഈലിനെ ദൈവ കല്‍പന മാനിച്ച്‌ ബലിയറുക്കാൻ സന്നദ്ധനായതിന്റെ ത്യാഗസ്മരണകളുണർത്തി വ്യാഴാഴ്ച വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു.

മക്കയില്‍ ഒരുമിച്ച വിശ്വാസികളുടെ ഹജ്ജിന്റെ പരിസമാപ്തി കൂടിയായിരുന്നു ബലിപ്പെരുന്നാള്‍. തക്ബീർ ധ്വനികള്‍ കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങള്‍ അണിഞ്ഞ് അതിരാവിലെ തന്നെ പെരുന്നാള്‍ നിസ്കാരത്തിനായി വിശ്വാസികള്‍ പള്ളികളിലേക്കെത്തി.

പ്രവാചകൻ ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും സ്മരണകള്‍ പുതുക്കിയ ഇമാമുമാർ പെരുന്നാള്‍ ദിനങ്ങള്‍ സുകൃതങ്ങളുടെ കലവറയും തിരിച്ചറിവിന്റെ വഴിത്തിരിവുകളാകണമെന്നും ഉദ്ബോധിപ്പിച്ചു. ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും ഓരോ വിശ്വാസിയും സമാധാനത്തിന്റെ പ്രചാരകരാവാനും ആഹ്വാനം ചെയ്തു. പെരുന്നാള്‍ നിസ്കാര ശേഷം മധുരം വിതരണം ചെയ്തും പരസ്പരം ആശ്ലേഷിച്ചും വിശ്വാസികള്‍ സന്തോഷം പങ്കുവെച്ചു. തുടർന്ന് ബലിപ്പെരുന്നാളിലെ പ്രത്യേക അനുഷ്ഠാനമായ ബലികർമ്മം നടന്നു. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദില്‍ ജമാഅത്ത് കൗണ്‍സില്‍ ചെയർമാൻ മാന്നാർ അബ്ദുല്‍ ലത്തീഫ്, ജമാഅത്ത് പ്രസിഡന്റ് പി.എ ഷാജഹാൻ എന്നിവർ ഈദ് സന്ദേശം നല്‍കി. ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പെരുന്നാള്‍ നിസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്‍കി. കുരട്ടിക്കാട് ജുമാ മസ്ജിദില്‍ ഇമാം നിസാമുദ്ദീൻ നഈമിയും ഇരമത്തൂർ ജുമാമസ്ജിദില്‍ ഉസ്മാൻ സഖാഫി അല്‍അർശദിയും പാവുക്കര ജുമാമസ്ജിദില്‍ ചീഫ് ഇമാം നൗഫല്‍ ഫാളിലിയും മാന്നാർ സലഫി മസ്ജിദില്‍ കോഴിക്കോട് അബ്ദുല്‍ മജീദ് മൗലവിയും നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi