Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ അങ്കണവാടി മുറ്റത്തെ ടൈലുകള്‍ തകര്‍ന്നു

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ അങ്കണവാടി മുറ്റത്തെ ടൈലുകള്‍ തകര്‍ന്നു

കുരുന്നുകളുടെ സുരക്ഷയില്‍ ആശങ്ക, നിർമ്മാണ നിലവാരത്തെച്ചൊല്ലി തർക്കം

മ്പല്ലൂർ: പുതിയ അദ്ധ്യയനവർഷത്തെ വരവേല്‍ക്കുന്ന പ്രവേശനോത്സവ ദിനത്തില്‍ ആമ്പല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ 55-ാം നമ്പർ അങ്കണവാടിയില്‍ ഉയർന്നത് കുരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക.

മാസങ്ങള്‍ക്ക് മുൻപ് ജനപങ്കാളിത്തത്തോടെ ഉദ്ഘാടനം ചെയ്ത അങ്കണവാടി മുറ്റത്തെ ഇന്റർലോക്ക് ടൈലുകള്‍ വ്യാപകമായി തകർന്നും താഴ്ന്നും കിടക്കുന്നത് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.

ആദ്യക്ഷരം നുകരാനും കളിച്ചുല്ലസിക്കാനുമായി എത്തുന്ന കുഞ്ഞുങ്ങളുടെ ഓട്ടപ്പാച്ചിലുകള്‍ നിറയേണ്ട മുറ്റം ഇന്ന് അപകടക്കെണിയായി മാറിയിരിക്കുകയാണ്. പലഭാഗങ്ങളിലും ടൈലുകള്‍ ഇളകിപ്പൊങ്ങുകയും താഴ്ന്നുപോകുകയും ചെയ്തതോടെ കുട്ടികള്‍ തട്ടിവീണ് പരിക്കേല്‍ക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. പ്രവേശനോത്സവത്തിനെത്തിയവരെ വരവേറ്റത് വികസന നേട്ടങ്ങളല്ല, മറിച്ച്‌ തകർന്നുകിടക്കുന്ന മുറ്റത്തിന്റെ ദയനീയ ചിത്രമാണ്.

പ്രദേശത്തിന്റെ സ്വപ്നം

ആമ്പല്ലൂർ വൈഗയില്‍ എസ്. വേണു നബീശൻ-എ.ഡി. യമുന ദമ്പതികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലം അങ്കണവാടിക്കായി സൗജന്യമായി വിട്ടുനല്‍കിയതോടെയാണ് പ്രദേശത്തിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമായത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വിഹിതങ്ങളും വിനിയോഗിച്ച്‌ അഞ്ചുമാസം കൊണ്ടാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കിയത്. സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. എന്നാല്‍ നിർമ്മാണം പൂർത്തിയായി മാസങ്ങള്‍ പിന്നിടുംമുമ്പ് തന്നെ മുറ്റത്തിന്റെ അവസ്ഥ പരിതാപകരമായത് നിർമ്മാണ നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയർത്തുന്നു.

അടിയന്തര പരിശോധന നടത്തണം

മണ്ണ് ആവശ്യമായ രീതിയില്‍ ഉറപ്പിക്കാതെയാണോ ടൈലുകള്‍ പാകിയത്, അതോ നിർമ്മാണത്തിലെ മറ്റേതെങ്കിലും അപാകതകളാണോ തകർച്ചയ്ക്ക് കാരണമെന്ന സംശയമാണ് നാട്ടുകാർക്ക്. പൊതുനന്മയ്ക്കായി സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കിയ സ്ഥലത്തും പൊതുധനം ചെലവഴിച്ച്‌ നിർമ്മിച്ച സ്ഥാപനത്തിലുമുണ്ടായ ഈ അവസ്ഥ ഗൗരവമായി പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ അടിയന്തര പരിശോധന നടത്തി ഉത്തരവാദിത്തം കണ്ടെത്തുകയും തകർന്ന മുറ്റം പുനർനിർമ്മിക്കുകയും വേണമെന്നാണ് ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi