കൊച്ചി: തേയില കയറ്റുമതിയില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ രുചിച്ചത് കനത്ത നഷ്‌ടം. 208 ദശലക്ഷം കിലോഗ്രാം തേയിലയാണ് 2020ല്‍ ഇന്ത്യ കയറ്റുമതി ചെയ്‌തത്. 2019ലെ 252 ദശലക്ഷം കിലോഗ്രാമിനേക്കാള്‍ 18 ശതമാനമാണ് (44 ദശലക്ഷം കിലോഗ്രാം) കുറവ്. കൊവിഡ് പ്രതിസന്ധിയും കടുപ്പംകൂടിയ ലോക്ക്ഡൗണുമാണ് ഇന്ത്യയ്ക്ക് ക്ഷീണമായത്.
അതേസമയം, വിപണിയില്‍ ഇന്ത്യയുടെ ബദ്ധവൈരിയായ കെനിയയ്ക്ക് ഇന്ത്യയുടെ തളര്‍ച്ച നേട്ടമായി. അവരുടെ കയറ്റുമതി 22 ദശലക്ഷം കിലോഗ്രാം വര്‍ദ്ധിച്ച് 519 ദശലക്ഷം കിലോഗ്രാമായി. പാകിസ്ഥാന്‍ തേയില വിപണിയുടെ 85 ശതമാനം വിഹിതം കൈയടക്കാനും ഇന്ത്യയുടെ ക്ഷീണംമൂലം കെനിയയ്ക്ക് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം സൗദി അറേബ്യ, പോളണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വിപണിവിഹിതം മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
എന്നാല്‍, ഇറാനിലെ വിപണിയില്‍ 21 ദശലക്ഷം കിലോഗ്രാമിന്റെയും റഷ്യയില്‍ ഒമ്ബത് മില്യണ്‍ കിലോഗ്രാമിന്റെയും കുറവ് ഇന്ത്യ രേഖപ്പെടുത്തി. ഇവ രണ്ടും ഇന്ത്യന്‍ തേയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ്. ലോക്ക്ഡൗണില്‍ ഉത്‌പാദനം പത്തുശതമാനത്തോളം കുറഞ്ഞതും ഇന്ത്യന്‍ തേയിലയ്ക്ക് തിരിച്ചടിയായി.

