Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപരാഷ്‌ട്രപതിയുടെ  വാഹന  വ്യൂഹത്തിനുനേരെ  ബൈക്ക്  ഓടിച്ചുകയറ്റി; രണ്ടുപേര്‍ അറസ്റ്റില്‍

ഉപരാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റിയ രണ്ടുപേർ അറസ്റ്റില്‍.

വള്ളക്കടവ് സ്വദേശികളായ അഷ്‌കർ, നാദിർഷാ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് സുരക്ഷാവീഴ്‌ചയുണ്ടായത്.

ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്കുശേഷം വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്നായിരുന്നു ബൈക്ക് വന്നത്. കോവളം ജംഗ്ഷനില്‍വച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളത്ത് വച്ച്‌ യുവാക്കളെ പിട‌ികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്നലെയാണ് കേരളത്തിലെത്തിയത്. മാതാ അമൃതാനന്ദമയിയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച്‌ കൊല്ലം മാതാ അമൃതാനന്ദമയി മഠത്തില്‍ സംഘടിപ്പിച്ച വിശ്വസേവാ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിട്ടു.

തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാള്‍ (എസ്.യു.ടി) അക്കാഡമി ഓഫ് മെഡിക്കല്‍ സയൻസസിന്റെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായും ഉപരാഷ്ട്രപതി പങ്കെടുത്തു. ബാലരാമപുരം റെയ് വിജയ് കണ്‍വെൻഷൻ സെന്ററിലായിരുന്നു ചടങ്ങ് നടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi