ആലക്കോട്: കനത്ത മഴയെ തുടർന്ന് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും മലയോരത്തെ ദുരിത ബാധിതർക്ക് അടിയന്തര ധനസഹായമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇതുവരെ ലഭിച്ചില്ല.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് ഉദയഗിരി, ചെറുപുഴ ഗ്രാമ പഞ്ചായത്തുകളില്‍ ഉരുള്‍ പൊട്ടലുകളും മലവെള്ളപ്പാച്ചിലുമുണ്ടായത്. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയിലെ ദുരിത ബാധിതർക്ക് 10,000 രൂപ അടിയന്തര ധന സഹായം നല്‍കുമെന്ന് അന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു.
കണ്ണൂർ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് ഉദയഗിരി ഗ്രാമ പഞ്ചായത്തിലും ചെറുപുഴയിലുമായിരുന്നു. ഉദയഗിരിയില്‍ 88 ഓളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മണ്ണിടിഞ്ഞും ചെളിയും കല്ലും നിറഞ്ഞും പല വീടുകളും താമസയോഗ്യമല്ലാതായി. 3 കടകളില്‍ വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു. തയ്യല്‍കട മല വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. 38 റോഡുകളും 3 പാലങ്ങളും 2 കലുങ്കുകളും ഭാഗികമായി നശിച്ചു. ഏക്കർക്കണക്കിനു കൃഷിയിടങ്ങളിലെ റബ്ബർ, തെങ്ങ്, കവുങ്ങുകള്‍ ഉള്‍പ്പെടെ കൃഷി നശിച്ചു. അഞ്ഞൂറോളം കുടുംബങ്ങളെ ബാധിച്ചു.
മണ്ണും കല്ലും ചെളിയും ഒഴുകിയെത്തിയ പല വീടുകളും ഇപ്പോഴും പൂർവ്വസ്ഥിതിയാക്കപ്പെട്ടിട്ടില്ല. ഉദയഗിരിയിലെ തേരനാംകുഴിയില്‍ സുനില്‍, താളിപ്പാറയിലെ രാജമ്മ എന്നിവരുടെ വീടുകളോടു ചേർന്നടിഞ്ഞ മണ്ണും കല്ലും ഇപ്പോഴും നീക്കിയിട്ടില്ല. ആയിരക്കണക്കിനു രൂപയുണ്ടെങ്കില്‍ മാത്രമെ ഇവരുടെ വീട്ടിനു ചുറ്റുമുള്ള മണ്ണു നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.
ദുരന്തം ഉണ്ടായ ശേഷം പഞ്ചായത്ത്, വില്ലേജ് അധികൃതർ റിപ്പോർട്ടുകള്‍ ജില്ലാ ഭരണകൂടത്തിനു സമർപ്പിച്ചെങ്കിലും കളക്ടർ സ്ഥലം സന്ദർശിച്ചില്ലായെന്നു ജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇരിക്കൂർ എം.എല്‍.എ സജീവ് ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് രണ്ട് ആഴ്ചകള്‍ക്കുശേഷം പഞ്ചായത്തു ഭരണ സമിതിയെ കണ്ണൂരിലേക്ക് വിളിപ്പിച്ച് യോഗം ചേർന്ന് നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുകയാണുണ്ടായത്. എന്നിട്ടും അടിയന്തര നഷ്ടപരിഹാരമോ മറ്റു ധനസഹായമോ ലഭിക്കാത്തതിനെ തുടർന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി നേരിട്ടു കണ്ടു നിവദനം നല്‍കിയിരിക്കുകയാണ്.
ആവശ്യം 100 കോടിയുടെ
പ്രത്യേക പാക്കേജ്
നശിച്ച റോഡുകളും പാലങ്ങളും പുനർ നിർമ്മിക്കുന്നതിനും വീടുകളുടെ നഷ്ടപരിഹാരത്തിനും കൃഷി ഭൂമി നശിച്ചവർക്കുള്ള നഷ്ടപരിഹാരത്തിനുമായി 100 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണാവശ്യം. മുഖ്യമന്ത്രിക്കാെപ്പം വകുപ്പുമന്ത്രിമാർക്കും നിവേദനം നല്‍കിയിട്ടുണ്ട്.
കാലവർഷക്കെടുതിയില്‍ നാശം നേരിട്ടവർക്ക് സഹായമെത്തിക്കുന്നതില്‍ പഞ്ചായത്ത് വീഴ്ച വരുത്തിയെന്നരോപിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
കാലവർഷക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ സർക്കാരും പഞ്ചായത്ത് ഭരണ സമിതിയും അനാസ്ഥ കാണിക്കുകയാണ്.
സി.പി.ഐ ഉദയഗിരി ലോക്കല്‍ സെക്രട്ടറി കെ.ആർ രതീഷ്
ദുരിത ബാധിതർക്ക് സഹായ വാഗ്ദാനം മാത്രമാണ് കിട്ടിയത്. അടിയന്തിരമായി ധനസഹായം ലഭ്യമാക്കണം.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. സുരേഷ് കുമാർ

