Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാഹന നിയമം തെരഞ്ഞ് വിരല്‍ തേയില്ല,  ഹിറ്റായി വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ആപ്പ്

വാഹന നിയമം തെരഞ്ഞ് വിരല്‍ തേയില്ല, ഹിറ്റായി വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ആപ്പ്

കൊച്ചി: രാജ്യത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്നും തലവേദനയായ 'നിയമപുസ്തകം തെരയലിന്' മൊബൈല്‍ ആപ്പിലൂടെ പരിഹാരം കണ്ടിരിക്കുകയാണ് മലയാളി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും എളുപ്പത്തില്‍ ലഭിക്കുന്ന ആപ്പ് സ്വന്തമായി നിര്‍മ്മിച്ചാണ് എറണാകുളം ആര്‍.ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകടര്‍ സി.എം അബ്ബാസ് മണിക്കൂറുകള്‍ നീളുന്ന നിയമ പരിശോധനയ്ക്ക് അന്ത്യം കുറിച്ചത്.

രാജ്യത്ത് വര്‍ഷം 15 മുതല്‍ 20 വരെ ഭേദഗതികളാണ് മോട്ടോര്‍ വാഹന നിയമത്തില്‍ വരുന്നത്. ഇതു പുസ്തമായി എത്താന്‍ അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കണം. ഇങ്ങനെ മാറിവരുന്ന ഭേദഗതികള്‍ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കാറാണ് പതിവ്.

14 മാസത്തെ പ്രയത്നത്തിനൊടുവില്‍ മേയ് 15നാണ് മോട്ടോര്‍ വെഹിക്കിള്‍സ് ആക്‌ട് ആന്‍ഡ് റൂള്‍സ് എന്ന ആപ്പ് പുറത്തിറക്കിയത്. ആപ്പിനെ പ്രശംസിച്ചവരില്‍ മിനിസ്ട്രി ഒഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേസുമുണ്ട്.

2020 ഏപ്രില്‍ ലോക്ക്ഡൗണ്‍ സമയത്താണ് അബ്ബാസ് ആപ്ലിക്കേഷന്റെ പണി ആരംഭിച്ചത്. പുസ്തക രൂപത്തിലുള്ള ഡിസൈനടക്കം അബ്ബാസിന്റെ വകയാണ്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ വേണ്ട സഹായങ്ങള്‍ക്ക് സുഹൃത്ത് രാഗേഷും സഹായിച്ചു.

മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് മറ്റു പല ആപ്ലിക്കേഷനുകളും ഉണ്ടെങ്കിലും അവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറില്ല. രാജ്യത്താകെയുള്ള സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിന് പ്രത്യേക മൊബൈല്‍ ആപ്പുമില്ല. പ്ലേ സ്റ്റോറില്‍ നിന്ന് 5000ലധികം ആളുകള്‍ അബ്ബാസിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു.

മറ്റ് സംസ്ഥാനങ്ങളുടെ മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ഉള്‍പ്പെടുത്തുന്നതിന് പുറമേ ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും കേരള പൊലീസ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉള്‍പ്പെടുത്തി ആപ്ലിക്കേഷന്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

ആപ്പിന്റെ പ്രത്യേകത

ഏഴ് 'പുസ്തകങ്ങളിലായി' സമഗ്ര വിവരം

രണ്ടെണ്ണം കേരളത്തിലെ നിയമങ്ങള്‍

 കൃത്യമായ അപ്ഡേഷന്‍

എളുപ്പത്തില്‍ കൈകാര്യം ചെയ്യാം

 പ്രതിദിന നിയമ ബോധവത്കരണം

കേരള മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ബുക്ക് രൂപത്തില്‍ മാത്രമാണ് ലഭിക്കുന്നത്. ഇവയുടെ സോഫ്റ്റ് കോപ്പി ലഭ്യമല്ലാത്തതിനാല്‍ നിരവധി പേജുകളുള്ള ഇതില്‍ നിന്ന് ഒരു നിയമമോ ചട്ടമോ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുക പ്രയാസമാണ്. ഇതാണ് ഈ ആപ്പിന് പ്രചോദനം.

സി.എം.അബ്ബാസ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi